ഇടച്ചിറയിലെ ഒക്‌സോണിയ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി മാലിന്യക്കുഴലില്‍ ഒളിപ്പിച്ച കേസിലെ മുഖ്യപ്രതി ഏഴു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍

0

ഇടച്ചിറയിലെ ഒക്‌സോണിയ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി മാലിന്യക്കുഴലില്‍ ഒളിപ്പിച്ച കേസിലെ മുഖ്യപ്രതി അര്‍ഷാദിനെ ഏഴു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ കാസര്‍ഗോട്ടുനിന്നു കൊച്ചിയിലെത്തിച്ച പ്രതിയെ പതിനൊന്നരയോടെ കാക്കനാട്‌ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.
14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌ത അര്‍ഷാദിനെ 27 വരെയാണ്‌ കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടത്‌. ഇന്നലെ ഉച്ചയ്‌ക്കാരംഭിച്ച പോലീസിന്റെ ചോദ്യംചെയ്യല്‍ വൈകിട്ട്‌ അഞ്ചര വരെ നീണ്ടു. തുടര്‍ന്ന്‌ പ്രതിയുമായി ഇടച്ചിറയിലെ ഒക്‌സോണിയ ഫ്‌ളാറ്റിലെത്തിയ അനേ്വഷണസംഘം കൊലപാതകം നടന്ന പതിനാറാം നിലയില്‍ തെളിവെടുപ്പ്‌ നടത്തി. കുറ്റം സമ്മതിച്ച പ്രതി മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി സ്വദേശി സജീവ്‌ കൃഷ്‌ണയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന്‌ പോലീസിനു കാണിച്ചുകൊടുത്തു.
കൃത്യം നടത്തിയതു തനിച്ചാണെന്നു പ്രതി അറിയിച്ചതായി അനേ്വഷണസംഘം പറഞ്ഞു. മയക്കുമരുന്ന്‌ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ അര്‍ഷാദ്‌ നല്‍കുന്ന വിശദീകരണം. സജീവ്‌ കൃഷ്‌ണയില്‍നിന്നു കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതാണ്‌ വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്നും പറയുന്നു. എന്നാല്‍ സജീവ്‌ കൃഷ്‌ണയെ കൊലപ്പെടുത്തിയ ശേഷം പതിനാറാം നിലയിലെ മാലിന്യക്കുഴലില്‍ മൃതദേഹം പൊതിഞ്ഞുകെട്ടി ഉപക്ഷിച്ചത്‌ അര്‍ഷാദ്‌ തനിച്ചല്ലെന്ന നിലപാടില്‍ത്തന്നെയാണ്‌ അനേ്വഷണസംഘം. കൊലപാതകത്തിനുശേഷം മുറിയില്‍ തളംകെട്ടിയ രക്‌തം തുടച്ചുകളഞ്ഞിട്ടാണ്‌ പ്രതി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്‌.

Leave a Reply