മന്ത്രിയുടെ പരിപാടിക്ക് സ്കോച്ച് വിസ്കി വേണമെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥൻ; ശബ്ദസന്ദേശം പുറത്ത്;

0

ഗുരുഗ്രാം: മന്ത്രിയുടെ പരിപാടിക്കായി സ്കോച്ച് വിസ്കി വേണമെന്ന് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് എക്സൈസ് ഉദ്യോ​ഗസ്ഥൻ. ഹരിയാനയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. എക്സൈസ് ഇൻസ്പെക്ടർ ആയ സന്ദീപ് ലോഹൻ എന്നയാളാണ് പുലിവാല് പിടിച്ചത്. എക്സൈസ് ഉദ്യോ​ഗസ്ഥന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് മദ്യവിൽപ്പന കേന്ദ്രത്തിൻറെ ഉടമ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുകയാണ്.

സന്ദീപ് ലോഹൻ മദ്യ വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് 15 വർഷം പഴക്കമുള്ള ഗ്ലെൻഫിഡിച്ച് വിസ്ക്കിയുടെ ആറ് ബോട്ടിലുകൾ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു ഹോട്ടലിൽ മന്ത്രി പരിപാടി നടത്തുന്നുണ്ടെന്നും അതിനായി സ്കോച്ച് വിസ്ക്കി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഗുരുഗ്രാമിലെ ഭക്തവാർ ചൗക്കിലുള്ള സെക്ടർ 47ലെ മദ്യ വിൽപ്പന കേന്ദ്രത്തിലേക്കാണ് ഉദ്യോഗസ്ഥൻ വിളിച്ചത്.

ഓഗസ്റ്റ് 14നാണ് മദ്യം ആവശ്യപ്പെട്ടതെന്ന് മദ്യ വിൽപ്പന കേന്ദ്രത്തിൻറെ ഉടമ പറഞ്ഞു. വിസ്‌കി ഇപ്പോൾ ലഭ്യമല്ലെന്ന് പിന്നീട് പറഞ്ഞപ്പോൾ സന്ദീപ്, ജീവനക്കാരനെ ശകാരിക്കുകയും ചെയ്തു. പിറ്റേന്ന് കടയിലെത്തി ജീവനക്കാരനെ എക്സൈസ് ഉദ്യോഗസ്ഥൻ മറ്റ് ഉപഭോക്താക്കളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം നിർബന്ധിച്ച് മദ്യ വിൽപ്പന കേന്ദ്രം അടപ്പിക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നുമാണ് ആരോപണം.

എക്സൈസ് കമ്മീഷണറോട് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലേക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചതെന്ന് മദ്യ വിൽപ്പന കേന്ദ്രത്തിൻറെ ഉടമ പറഞ്ഞു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സന്ദീപ് ലോഹനെ എക്സൈസ് വകുപ്പിൻറെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റി.

Leave a Reply