കടം വാങ്ങിയ 50,000 രൂപ തിരികെ നൽകിയില്ല; പകരം നൽകാമെന്ന് പറഞ്ഞ ലഹരിമരുന്നും നൽകിയില്ല; സജീവിനെ കൊലപ്പെടുത്തിയത് കറിക്കത്തി ഉപയോഗിച്ച്; കൊച്ചിയിലെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ 50,000 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. കടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.

ഇവർ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തർക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയതാണോ എന്നു സംശയവുമുണ്ട്. അർഷാദിനു പുറമേ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അർഷാദിനൊപ്പം കാസർകോടുനിന്നു പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിക്കാനും പൊലീസ് തയാറായിട്ടില്ല.

ഇന്നു കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ അഞ്ചു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകം സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ പുറത്തു വരൂ. പ്രതികൾ കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനും പദ്ധതികൾ തയാറാക്കിയിരുന്നു. വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതി​ഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പ്ലാനോടു കൂടിയായിരുന്നു. എന്നാൽ വിചാരിച്ച രീതിയിൽ മൃതദേഹം താഴെ എത്തിക്കാൻ സാധിക്കാതിരുന്നതാണു പദ്ധതികളെ അട്ടിമറിച്ചത്.

സജീവ് കൃഷ്‌ണ മയക്കുമരുന്ന് വില്പന സംഘത്തിലെ ഇടനിലക്കാരനായിരുന്നെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇൻഫോപാർക്കിന് സമീപത്തെ സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനായിരുന്ന സജീവ് ജോലി രാജിവച്ച് വിദേശത്ത് പോകാനുളള തയ്യാറെടുപ്പിനിടെയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം കൊലയിലേക്ക് നയിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. സജീവ് കൃഷ്ണയുടെ കൊലപാതക വിവരം പുറത്തു വന്നതിനു പിന്നാല താമസക്കാർ സ്ഥിരം പ്രശ്‌നക്കാരായിരുന്നുവെന്ന് വ്യക്തമാക്കി ഫ്ളാറ്റിലെ അയൽവാസിയായ ജീലീൽ രംഗത്തെത്തിയിരുന്നു. അതേസമയം അന്ന് അയാൾ സജീവ് കൃഷ്ണനെക്കുറിച്ച് നല്ല വാക്കുകളാണ് പറഞ്ഞതും. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഉണ്ടായിരുന്ന അര്‍ഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റില്‍ താമസിച്ച മറ്റു യുവാക്കള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും പല തവണ മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട സജീവ് കൃഷ്‌ണക്കൊപ്പം ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ആദിഷ്, ഷിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അർഷാദിനെ കസ്റ്റഡിയിൽ വാങ്ങി മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിലാണെന്നു പൊലീസ് വെളിപ്പെടുത്തി. മൃതദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണ‍ര്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here