കോടതിയിൽ അഭിഭാഷകനൊടൊപ്പം കീഴടങ്ങാനെത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതി പൊലീസിന്റെ പിടിയിൽ

0

പയ്യന്നൂർ: കോടതിയിൽ അഭിഭാഷകനൊടൊപ്പം കീഴടങ്ങാനെത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതി പൊലീസിന്റെ പിടിയിൽ. കുപ്രസിദ്ധ വാഹന മോഷ്ടാവ് കാസർകോട് പെരിയട്ടടുക്കം സ്വദേശി കണ്ണിപ്പൊടിയിൽ ഹൗസിൽ റിയാസ് (40) ആണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ-കാസർകോട് ജില്ലകളിലായി നൂറോളം കേസുകളിലും കർണാടകയിലെ വധശ്രമക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം 22-ന് വൈകീട്ട് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനോടൊപ്പം കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്താൻ തുടങ്ങവെ കോടതിമുറിയിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.

പഴയങ്ങാടി മണ്ടൂരിൽ സ്‌കോർപ്പിയോ കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ വീഴ്ചവരുത്തിയതിന് റിയാസിനെതിരേ നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുമെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.

അന്നുതന്നെ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. പല സ്ഥലങ്ങളിലും ഒളിവിൽക്കഴിഞ്ഞിരുന്ന ഇയാൾ മട്ടന്നൂർ ശിവപുരത്തെ ഭാര്യവീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസെത്തി പിടികൂടിയത്.

Leave a Reply