തെലങ്കാനയിൽ ബിജെപി നേതാവ് വീടിനുള്ളിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

0

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി. നേതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിജെപി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം ജ്ഞാനേന്ദ്ര പ്രസാദിനെയാണ് മിയാപുർ അൽവിൻ കോളനിയിലെ വീടിനുള്ളിൽ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളാണ് പ്രസാദിനെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മിയാപുർ പൊലീസും സ്ഥലത്തെത്തി. തുടർന്ന് പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വാതിൽ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരമായി ജ്ഞാനേന്ദ്ര പ്രസാദിനെ കാണാതായതോടെ കുടുംബാംഗം നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസങ്ങളായി ജ്ഞാനേന്ദ്ര പ്രസാദിനെ അസ്വസ്ഥനായനിലയിലാണ് കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പ്രതികരിച്ചു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ലെന്നും കഴിഞ്ഞദിവസങ്ങളിൽ വീടിനോട് ചേർന്ന ഔട്ട്ഹൗസിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും പൊലീസും പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply