കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെ ഇടിയേറ്റയാൾ മരിച്ച സംഭവത്തിന്റെ വിഡിയോ പുറത്ത്

0

ബെംഗളൂരു: കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെ ഇടിയേറ്റയാൾ മരിച്ച സംഭത്തിന്റെ വിഡിയോ പുറത്ത്. ജൂലൈ 10ന് ജ്ഞാനജ്യോതി നഗറിലെ പൈ ഇന്റർനാഷണൽ ബിൽഡിങ്ങിൽ നടന്ന കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു അപകടം. സംഭവത്തിൽ ബെംഗളൂരു പൊലീസ് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാനതല കെ1 കിക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെയാണ് എതിരാളിയിൽ നിന്നുള്ള ഇടിയേറ്റ് മൈസൂരു സ്വദേശിയായ നിഖിൽ (23) മരിച്ചത്.

എതിരാളിയിൽനിന്നും തുടർച്ചയായുള്ള ഇടിയേറ്റ് നിഖിൽ റിങ്ങിൽ വീഴുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ഉടൻ തന്നെ നിഖിലിനെ നാഗർബാവിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ രണ്ട് ദിവസം അബോധാവസ്ഥയിൽ തുടർന്ന നിഖിൽ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

പരിപാടിയിൽ മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് നിഖിലിന്റെ പിതാവ് പറഞ്ഞു. തന്റെ മകന്റെ അകാല മരണത്തിന് ഉത്തരവാദി സംഘാടകരാണെന്നും പിതാവ് ആരോപിച്ചു. സംഘാടകർക്കെതിരെ നിഖിലിന്റെ പരിശീലകൻ വിക്രമും രംഗത്തെത്തിയിട്ടുണ്ട്. വേദിയിൽ ഒരു ആംബുലൻസും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫും ഉണ്ടായിരുന്നെങ്കിൽ നിഖിൽ മരിക്കില്ലായിരുന്നുവെന്ന് വിക്രം ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here