വനിതാ നേതാവ് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവ് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പീഡന പരാതി ചെറിയൊരു ചർച്ചയാണെന്നും അതേക്കുറിച്ച് പഠിച്ചിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ചിന്തൻ ശിവിറിലെ പീഡന പരാതിയിൽ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പൊലീസിന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ”ആ ക്യാമ്പിൽ പങ്കെടുത്ത ഏതെങ്കിലും പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിൽ പരാതിയുണ്ടെങ്കിൽ ആ പരാതിയുടെ പുറത്ത് സംഘടനപരമായ നടപടിയെടുക്കുക മാത്രമല്ല, ആ പരാതി പൊലീസിലേക്ക് കൈമാറുകയും ചെയ്യും. അത് യൂത്ത് കോൺഗ്രസിനകത്തോ, കോൺഗ്രസിനകത്തോ ഒരു ആഭ്യന്തര വിഷയമായി പറഞ്ഞു തീർക്കില്ല.

ഒരു സമ്മർദ്ദത്തിനും ഒരു കുട്ടിയും വഴിപ്പെടരുത്. ആരും സമ്മർദ്ദം ചെലുത്തി പരാതി കൊടുക്കാതിരിക്കരുത്. ഇനി കൊടുത്തില്ലെങ്കിലും എഴുതി വാങ്ങി അത് പൊലീസിന് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്,” വി.ഡി സതീശൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ ശംഭു പാൽകുളങ്ങര എന്ന വിവേക് എച്ച്. നായർക്കെതിരേയാണ് നടപടി സ്വീകരിച്ചത്. വിവേക് എച്ച്. നായരെ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, വനിതാ നേതാവിന്റെ പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വിവേകിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിനെതിരേ നേതൃത്വത്തിന് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here