സൂപ്പര്‍ താരം നെയ്മറെ വിംഗുകളില്‍ കളിപ്പിക്കുന്ന പരിശീലകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ കോച്ച് ടിറ്റെ

0

റിയോ ഡി ജനീറോ: സൂപ്പര്‍ താരം നെയ്മറെ വിംഗുകളില്‍ കളിപ്പിക്കുന്ന പരിശീലകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ കോച്ച് ടിറ്റെ. നെയ്മറുടെ മോശം പ്രകടനത്തിന് കാരണം ക്ലബുകളിലെ പരിശീലകരാണെന്നും ടിറ്റെ കുറ്റപ്പെടുത്തി. ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരമാണ് നെയ്മര്‍ ജൂനിയര്‍. എങ്കിലും പ്രതിഭയ്ക്കും പ്രതിഫലത്തിനുമൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തം.
ബാഴ്‌സലോണയില്‍ നിന്ന് 222 ദശലക്ഷം യൂറോയയ്ക്ക് പി എസ് ജിയില്‍ എത്തിയ നെയ്മര്‍ മിക്കപ്പോഴും കിലിയന്‍ എംബാപ്പേയുടെ നിഴലിലാണ്. ഇതിന് കാരണം ക്ലബിലെ പരിശീലകരാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ പറയുന്നു. നെയ്മര്‍ സ്വാഭാവിക പ്രതിഭയാണ്. ഒരുവശത്തേക്ക് ഒതുക്കുമ്പോള്‍ നന്നായി കളിക്കാന്‍ കഴിയില്ല. 
മൈതാനമധ്യത്ത് സ്വതന്ത്രനായി കളിക്കുമ്പോഴാണ് നെയ്മറുടെ യഥാര്‍ഥ മികവ് കാണാന്‍ കഴിയുക. നെയ്മറെ വിംഗുകളില്‍ കളിപ്പിക്കുന്ന പരിശീലകര്‍ കഴുതകളാണെന്നും ടിറ്റെ. ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായ നെയ്മര്‍ പി എസ് ജിയില്‍ 144 കളിയില്‍ 100 ഗോള്‍ നേടിയിട്ടുണ്ട്.
ലിയോണല്‍ മെസ്സിയെയും കിലിയന്‍ എംബാപ്പേയെയും കേന്ദ്രീകരിച്ച് ടീം ഉടച്ച് വാര്‍ക്കാനൊരുങ്ങുന്ന പി എസ് ജി വരും സീസണില്‍ നെയ്മറെ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്ക് നെയ്മറില്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here