കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

0

കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെ ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽവെച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടുന്നത്.

ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ അഞ്ച്‌ കള്ളനോട്ടുകളും പൊലീസ് കണ്ടെത്തി.മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്ന്‌ കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്.അതേസമയം കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം 500 രൂപ നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കണ്ണൂരിൽ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിലെടുത്തു. ഇവർ കാസർകോട് ജില്ലയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണ്. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here