തമിഴ്‌നാട്ടിലെ ഈറോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അമ്മയും കാമുകനും ചേർന്ന് അണ്ഡ വിൽപന നടത്തിയ കേസിൽ തിരുവനന്തപുരത്തെ ആശുപത്രിയെക്കുറിച്ച് അന്വേഷണം

0

തമിഴ്‌നാട്ടിലെ ഈറോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അമ്മയും കാമുകനും ചേർന്ന് അണ്ഡ വിൽപന നടത്തിയ കേസിൽ തിരുവനന്തപുരത്തെ ആശുപത്രിയെക്കുറിച്ച് അന്വേഷണം. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നൽകിയെന്നു കണ്ടെത്തിയതോടെയാണു ആശുപത്രി അധികൃതർക്ക് തമിഴ്‌നാട് പൊലീസും ആരോഗ്യവകുപ്പും സമൻസ് അയച്ചത്.

16 വയസുള്ള പെൺകുട്ടിയെ ആണ് അമ്മയും കാമുകനും നിർബന്ധിച്ച് അണ്ഡ വിൽപ്പന നടത്തിച്ചത്. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വിൽപനയെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 20,000 രൂപ വാങ്ങിയാണ് അമ്മയും കാമുകനും ചേർന്ന് അണ്ഡ വിൽപ്പന നടത്തിയത്. ഇടനിലക്കാരി അയ്യായിരം രൂപയും കൈപ്പറ്റി. പെരുന്തുറയിലെ ആശുപത്രിയിൽ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകൾക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പൊലീസും ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശുപത്രികൾക്കു സമൻസ് അയച്ചത്. അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആശുപത്രികൾ കൂടുതൽ സമയം തേടി. നിലവിൽ 16 വയസുള്ള പെൺകുട്ടിയെ ആർത്തവം തുടങ്ങിയ 12ാം വയസു മുതൽ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവിൽപനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസിൽ പെൺകുട്ടിയുടെ അമ്മ, അവരുടെ കാമുകൻ സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here