മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽവച്ചു പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽവച്ചു പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കേസിൽ മൂന്നാം പ്രതി ഉണ്ടെന്ന് വ്യക്തമായതോടെ ഇയാൾക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി. ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിനിടെ മുഖ്യമന്ത്രിക്കു നേരെയുണ്ട് വധശ്രമ കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും.

കേസിലെ ഗൂഢാലോചന ഉൾപെടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാലാണ് ജില്ലാ കോടതിക്ക് കൈമാറിയത്. കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

എയർക്രാഫ്റ്റ് നിയമങ്ങൾ ഉൾപ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. പ്രതികളുടെ ജാമ്യഹർജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ജില്ലാ കോടതി പരിഗണിക്കും.മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഈ മാസം 27 വരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധിക്കുമെന്നും, വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here