അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് നഗരങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍

0

 
മനില: അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് നഗരങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുള്ള പുക മൂലം ആകാശം കറുത്തിരുണ്ട് മേഘാവൃതമാണ്. ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഫിലിപ്പീന്‍സിന്റെ തെക്കു-കിഴക്കന്‍ മേഖലയിലുള്ള സൊര്‍സോഗന്‍ പ്രവിശ്യയിലെ ബുലുസാന്‍ അഗ്നിപര്‍വതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. സ്‌ഫോടനം 17 മിനുട്ടോളം നീണ്ടുനിന്നു. ഒരു കിലോമീറ്ററോളം ഉയരത്തിലാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് പുകയും പൊടിപടലങ്ങളും വ്യാപിച്ചതെന്ന് ഫിലിപ്പീന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു. 

ജുബാന്‍ പട്ടണത്തിന് അടുത്തുള്ള പത്തു ഗ്രാമങ്ങളിലും രണ്ടു നഗരങ്ങളിലുമാണ് ചാരവും പൊടിപടലങ്ങളും വ്യാപിച്ചത്. ഇതേത്തടുര്‍ന്ന് ഇവിടങ്ങളിലെ വീടുകളും റോഡുകളും മരങ്ങളുമെല്ലാം ചാരം മൂടിയ നിലയിലാണ്. ചാരവും പൊടിപടലങ്ങളും വ്യാപിച്ചതു മൂലം കാഴ്ച തടസ്സപ്പെടുന്നത് വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. പൊടുപടലങ്ങള്‍ ഉയര്‍ന്ന സാഹചര്യ്തതില്‍ പര്‍വതത്തിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. 

പ്രദേശവാസികള്‍ മാസ്‌ക് ധരിക്കാനും വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊടിപടലങ്ങള്‍ ഉയരുന്നതിന് 24 മണിക്കൂര്‍ മുമ്പ് 77 അഗ്നിപര്‍വത ഭൂകമ്പങ്ങള്‍ ഉണ്ടായതായാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

മനിലയില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സാെര്‍സോഗന്‍ പ്രദേശത്തിന് മുകളില്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മഴക്കാലത്ത് പര്‍വതങ്ങളില്‍ നിന്നും ചെളിവെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ താഴ് വരകളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here