സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വർധന; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വർധനവുണ്ടായെന്ന കണക്കുകൾ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

‘വിദേശത്തുള്ള കള്ളപ്പണത്തിന്‍റെ ഓരോ രൂപയും തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേ?’ എന്നു രാഹുൽ ഗാന്ധി കുറിച്ചു. റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ടായിരുന്നു കോൺഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനം വർധനവാണുണ്ടായത്. 2021ൽ നിക്ഷേപം 30,500 കോടിയായി ഉയർന്നു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്. ഇന്ത്യ ആസ്ഥാനമായുള്ള ശാഖകൾ വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴിയുമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്ക് നിക്ഷേപം 3.83 ബില്യൺ സ്വിസ് ഫ്രാങ്കായി കുതിച്ചുയർന്നു.

സ്വിറ്റ്സർലൻഡ് സെൻട്രൽ ബാങ്കിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 2020 അവസാനത്തോടെ 20,700 കോടിയായിരുന്നു സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യൻ ഇടപാടുകാരുടെ മൊത്തം നിക്ഷേപം. ഇത് തുടർച്ചയായ രണ്ടാം വർഷവും വർധിച്ചു. ഇന്ത്യക്കാരുടെ സേവിംഗ്സ് അക്കൗണ്ടുകളിലെ പണവും ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4,800 കോടി രൂപയായി വർധിച്ചു. രണ്ട് വർഷത്തെ ഇടിവിനെ മറികടന്നായിരുന്നു കുതിപ്പ്.

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന് ഒന്നാം മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം രണ്ടാം മോദി സർക്കാരും തൊടാതെ മാറ്റിവച്ചപ്പോൾ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കുതിച്ചുയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here