അഗ്നിപഥ് പദ്ധതി നടപ്പാക്കിയതോടെ രാജ്യത്ത് അര ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ സേനാ പ്രവേശനം അനിശ്ചിതത്വത്തിൽ

0

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതി നടപ്പാക്കിയതോടെ രാജ്യത്ത് അര ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ സേനാ പ്രവേശനം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് പാസായവരാണിവർ. ഇതിൽ കേരളത്തിൽനിന്ന് നാലായിരത്തിലധികം പേരുണ്ട്.

സംസ്ഥാനത്ത് 2 മേഖലകളായി തിരിച്ചായിരുന്നു ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം മേഖലയിൽനിന്ന് 2300 പേരും കോഴിക്കോട് മേഖലയിൽ നിന്ന് 2250 പേരും പാസായി. ഇതിൽ അൻപതോളം പേർ എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റുള്ളവരാണ്. പ്രവേശന പരീക്ഷയില്ലാതെ സേനയിലേക്കു പ്രവേശനം ലഭിക്കാൻ യോഗ്യതയുള്ളവരാണിവർ.

ബാക്കിയുള്ളവരുടെ എഴുത്തുപരീക്ഷ പൂർത്തിയായ ശേഷം അതിൽ വിജയിക്കുന്നവർക്കൊപ്പമാണ് എൻസിസി സർട്ടിഫിക്കറ്റുള്ളവരും സേനയിൽ ചേരുക. പരീക്ഷയ്ക്കായി കഴിഞ്ഞ ഒന്നര വർഷമായി കാത്തിരുന്നവരെ പ്രതിസന്ധിയിലാക്കിയാണ് ഇനിയുള്ള പ്രവേശനം അഗ്നിപഥ് വഴി മാത്രമായിരിക്കുമെന്ന അറിയിപ്പെത്തിയത്.

സൈനിക സേവനം ലക്ഷ്യമിട്ട് എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയാണ് എൻസിസിക്ക് ചേരുന്നത്. അഗ്നിപഥ് വഴി സൈന്യത്തിൽ 4 വർഷം സേവനമനുഷ്ഠിക്കാൻ വേണ്ടിയാണോ 8 വർഷം എൻസിസിയിൽ പ്രവർത്തിച്ചതെന്ന് ഇവർ ചോദിക്കുന്നു.

കോവി‍ഡ് മൂലം തടസ്സപ്പെട്ട പ്രവേശന പരീക്ഷ എപ്പോൾ വേണമെങ്കിലും നടക്കുമെന്ന അറിയിപ്പാണ് ഇത്രയും നാൾ ലഭിച്ചുകൊണ്ടിരുന്നതെന്നും അതിനാൽ മറ്റു ജോലിക്കോ പഠനത്തിനോ പോയില്ലെന്നും ഉദ്യോഗാർഥികളിലൊരാൾ പറഞ്ഞു. അഗ്നിപഥ് പ്രവേശനത്തിനുള്ള പ്രായപരിധി 23 വയസ്സായി ഉയർത്തി ഇവരെ കൂടി ഉൾക്കൊള്ളുമെന്നു കേന്ദ്രം പറയുമ്പോഴും റിക്രൂട്മെന്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു.

അഗ്നിപഥ് വഴി മാത്രമാണു റിക്രൂട്മെന്റ് എന്ന് അറിയിച്ചതോടെ മുൻപ് മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റ് പാസായ ഇവർ വീണ്ടും അതിൽ പങ്കെടുക്കേണ്ട അവസ്ഥയാണ്. ‘റിക്രൂട്മെന്റ് റാലിയിലെ ഫിസിക്കൽ ടെസ്റ്റിൽ 1.6 കിലോമീറ്റർ 5.45 മിനിറ്റിലാണ് ഓടിയെത്തേണ്ടത്. അത് 5.46 ആയാൽ പ്രവേശനമില്ല. ഒരു സെക്കൻഡ് പോലും വിട്ടുവീഴ്ച ചെയ്യാത്ത സേന, ഞങ്ങളുടെ ഒന്നര വർഷത്തെ കാത്തിരിപ്പ് കാണുന്നില്ലേ?’– ഉദ്യോഗാർഥികൾ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here