മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. 17 പ്രതിപക്ഷ പാ‍ർട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. 84 കാരനായ യശ്വന്ത് സിൻഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത സിൻഹ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്. ജനതാദളിലൂടെയായിരുന്നു യശ്വന്ത് സിൻഹയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർ‍ത്തിച്ചു. ചന്ദ്രശേഖ‍ർ, വാജ്പേയി മന്ത്രി സഭകളിൽ അംഗമായിരുന്നു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ വൈസ്പ്രസിഡന്റായിരുന്നു.
‘തൃണമൂൽ കോൺഗ്രസിൽ മമതാജി (മമത ബാനർജി) എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഞാൻ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണു സിൻഹയുടെ പേരു പരിഗണിച്ചത്. മമത ബാനർജി നേരത്തേതന്നെ സിൻഹയുടെ പേരു സൂചിപ്പിച്ചിരുന്നു. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു. ഇത് അംഗീകരിച്ച് അദ്ദേഹം തൃണമൂലിൽ നിന്നും രാജിവെച്ചു. പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേ‍ർന്ന് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിൻമാറി. ആലോചിക്കട്ടെയെന്നു പറഞ്ഞ ഗോപാൽകൃഷ്ണ ഗാന്ധി ഇന്നലെയാണു തീരുമാനം പറഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണു പങ്കെടുത്തത്. ക്ഷണമുണ്ടായിരുന്നതിൽ ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലിദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here