യുവഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ ശുഭദീപ്‌ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയവരില്‍ അറസ്‌റ്റിലായത്‌ എട്ടുപേര്‍

0

ചണ്ഡീഗഡ്‌: യുവഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ ശുഭദീപ്‌ സിങ്ങിനെ (സിദ്ദു മൂസെവാല) വെടിവച്ചു കൊലപ്പെടുത്തിയവരില്‍ അറസ്‌റ്റിലായത്‌ എട്ടുപേര്‍. ഇതില്‍ മുസെവാലയുടെ സെല്‍ഫിയെടുത്ത “ആരാധകനും”.
രംഗനിരീക്ഷണം നടത്തിയതിനും കൊലപാതകികള്‍ക്ക്‌ അഭയം നല്‍കിയതിനുമാണ്‌ അറസ്‌റ്റ്‌.
വെടിവച്ച സംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞതായും പ്രത്യേക അന്വേഷണ സംഘം വ്യക്‌തമാക്കി.
അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്ന കേക്‌ദ എന്നറിയപ്പെടുന്ന സന്ദീപ്‌, മൂസെവാലയുടെ ആരാധകനെന്നു നടിച്ച്‌ അദ്ദേഹത്തെ നിരീക്ഷിച്ചുവന്നതായാണ്‌ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മാഫിയാ തലവന്മാരായ ഗോള്‍ഡി ബ്രാര്‍, സച്ചിന്‍ തപന്‍ എന്നിവരുടെ നിര്‍ദേശാനുസരണമാണ്‌ ഇയാള്‍ യുവഗായകനെ നീരീക്ഷിച്ചത്‌. കൊലപാതകത്തിനു നിമിഷങ്ങള്‍ക്കു മുമ്പ്‌ മൂസെവാല അദ്ദേഹത്തിന്റെ വസതി വിട്ടിറങ്ങിയപ്പോള്‍ ഒപ്പം നിന്ന്‌ കേക്‌ദ സെല്‍ഫി എടുത്തിരുന്നു.
മൂസെവാലയ്‌ക്ക്‌ ഒപ്പം സുരക്ഷാ ഗാര്‍ഡുകള്‍ ഇല്ലെന്ന്‌ ഇയാള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. വാഹനത്തിന്റെ വിവരങ്ങളും അതിലുള്ള ആളുകളുടെ എണ്ണം അടക്കമുള്ള വിവരങ്ങളും പങ്കുവച്ചു.
ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനത്തിലല്ല മൂസെവാല പുറപ്പെട്ടത്‌ എന്ന കാര്യവും വിദേശത്തിരുന്ന്‌ വെടിവയ്‌പു നിയന്ത്രിച്ചവരെ കേക്‌ദ ധരിപ്പിച്ചു. വെടിവയ്‌ക്കാന്‍ എത്തിയവര്‍ക്ക്‌ ടയോട്ട കൊറോള കാര്‍ എത്തിച്ചുനല്‍കിയത്‌ അറസ്‌റ്റിലായ മന്‍പ്രീത്‌ മന്നയും മന്‍പ്രീത്‌ ബാഹുവുമാണെന്നും എ.ഡി.ജി.പി. വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here