വിവാദ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല വധക്കേസില്‍ രണ്ടു ഷാര്‍പ്പ്‌ ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

വിവാദ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല വധക്കേസില്‍ രണ്ടു ഷാര്‍പ്പ്‌ ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഹരിയാന സ്വദേശി പ്രിയവ്രത്‌ ഫൗജി(26), കാശിഷ്‌(24) എന്നിരാണ്‌ പിടിയിലായത്‌. ഇവരില്‍നിന്ന്‌ നിരവധി ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും പിടിച്ചെടുത്തു. ഗുജറാത്തിലെ മുണ്‍ട്രയില്‍നിന്നാണ്‌ ഇരുവരെയും ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
എട്ടു ഗ്രനേഡുകള്‍, 9 ഇലക്‌ട്രിക്‌ ഡിറ്റണേറ്റര്‍, മൂന്നു പിസ്‌റ്റള്‍, ഒരു തോക്ക്‌ എന്നിവയാണ്‌ പ്രതികളില്‍നിന്നു പിടിച്ചെടുത്തത്‌. മറ്റൊരു ഷാര്‍പ്പ്‌ ഷൂട്ടര്‍ സന്തോഷ്‌ ജാദവിനെ കഴിഞ്ഞ 18-ന്‌ പുനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹരിയാന കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തലവനാണു പ്രിയവ്രത്‌ ഫൗജിയെന്നു ഡല്‍ഹി പോലീസ്‌ പറഞ്ഞു.
ഫൗജിയുടെ നേതൃത്വത്തിലുള്ള ഷാര്‍പ്പ്‌ ഷൂട്ടര്‍മാരുടെ സംഘമാണ്‌ സിദ്ധു മൂസേവാലയുടെ വാഹനം പിന്തുടര്‍ന്ന്‌ വെടിവച്ചത്‌.
ഇയാള്‍ക്ക്‌ കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാറുമായി നേരിട്ടു ബന്ധമുണ്ട്‌. കാശിഷ്‌ 21 കൊലപാതകക്കേസുകളില്‍ പ്രതിയാണെന്നും ഡല്‍ഹി പോലീസ്‌ അറിയിച്ചു.
മുസേവാലയ്‌ക്കു നേരേ വെടിയുതിര്‍ത്ത ആറു പ്രതികളെയും തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ സെല്‍ തലവന്‍ എച്ച്‌.ജി.എസ്‌. ധാലിവാള്‍ പറഞ്ഞു. പ്രിയവ്രത്‌ ഫൗജി, കാശിഷ്‌, അങ്കിത്‌ സിര്‍സ, കേശവ്‌, ജഗ്‌ദീപ്‌ രൂപ, മന്‍പ്രീത്‌ മന്നു എന്നിവരാണു കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്‌.
കാശിഷ്‌ ആയിരുന്നു മൂസേവാലയെ പിന്തുടര്‍ന്ന ബൊലേറോ ജീപ്പ്‌ ഓടിച്ചിരുന്നത്‌. ഫൗജിയും അങ്കിതും ഈ വാഹനത്തിലുണ്ടായിരുന്നു.
കേശവ്‌ ഓടിച്ചിരുന്ന കൊറോള കാറിലായിരുന്നു മന്‍പ്രീതും ജഗ്‌ദീപ്‌ രൂപയുമുണ്ടായിരുന്നത്‌.
ഈ വാഹനം സിദ്ധു മൂസേവാലയുടെ വാഹനത്തിനു കുറുകേയിട്ട്‌ വഴിതടയുകയും തൊട്ടുപിന്നാലെ മന്‍പ്രീത്‌ മന്നു എ.കെ. 47 തോക്ക്‌ ഉപയോഗിച്ച്‌ തുടരെ വെടിവയ്‌ക്കുകയുമായിരുന്നു. രണ്ടു വാഹനങ്ങളിലുമുണ്ടായിരുന്ന മറ്റ്‌ അഞ്ചു പ്രതികളും തോക്കുകള്‍ ഉപയോഗിച്ച്‌ മൂസേവാലയെ വെടിവച്ചെന്നും ധാലിവാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here