നടിയെ ആക്രമിച്ച കേസ്‌ : പീഡന ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന്‌ ചോര്‍ന്നിട്ടില്ല: ഹൈക്കോടതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹാഷ്‌ വാല്യു മറിയെന്ന കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടില്‍ വ്യക്‌തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി വിമര്‍ശനമുന്നയിച്ചത്‌. നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന്‌ ചോര്‍ന്നിട്ടില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതായി പറയുന്നില്ല എന്നു കോടതി ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യു മാറിയിട്ടുണ്ട്‌ എന്നും എന്നാല്‍ ദൃശ്യങ്ങളുടെ ഹാഷ്‌ വാല്യു മാറിയിട്ടില്ല എന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന്‌ എങ്ങനെ പറയാനാകും എന്ന്‌ കോടതി ചോദിച്ചു. ഇതിനിടെയിലാണ്‌ സംസ്‌ഥാന സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചത്‌.
അന്വേഷണം നീട്ടിക്കൊണ്ട്‌ പോകാനാണോ ശ്രമം എന്ന്‌ കോടതി പ്രോസിക്യൂഷനോട്‌ ചോദിച്ചു. മെമ്മറി കാര്‍ഡില്‍നിന്നും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നും അതില്‍ ആശങ്ക വേണ്ട എന്നും അതിജീവിതയോടും ഹൈക്കോടതി വ്യക്‌തമാക്കി. കേസില്‍ ഇന്നും വാദം തുടരും.
പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട്‌ എന്നും സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ എന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ ടി.എ. ഷാജിയോട്‌ കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ്‌ വീണ്ടും പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന്‌ ജസ്‌റ്റിസ്‌ ബെച്ചു കുര്യന്‍ തോമസ്‌ പറഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യു മാറിയത്‌ വിചാരണാ കോടതി മറച്ചുവച്ചു എന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കോടതിയുടെ കസ്‌റ്റഡിയില്‍നിന്ന്‌ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യു മാറിയത്‌ സംശയാസ്‌പദമാണെന്നും ദൃശ്യം മറ്റാരെങ്കിലും പരിശോധിച്ചോയെന്നത്‌ അന്വേഷിക്കണമെന്നുമാണ്‌ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രണ്ട്‌ വട്ടം മെമ്മറി കാര്‍ഡ്‌ ഫോറന്‍സിക്‌ പരിശോധന നടത്തിയതാണെന്നും ഇപ്പോഴത്തെ ആവശ്യത്തിന്‌ പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും അപേക്ഷയില്‍ ദിലീപ്‌ വ്യക്‌തമാക്കി. 2018 ഡിസംബര്‍ 13 ന്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ കൈവശമായിരുന്നപ്പോഴാണ്‌ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യു മാറിയതെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌.
ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം കോടതി ജീവനക്കാരിലേക്ക്‌ എത്തി. വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌ വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ പ്രോസിക്യുഷന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here