പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

0

കുമ്പള /കാസർകൊട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഗുവിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഗൾഫുകാരനായ മുഗുവിലെ അബൂബക്കർ സിദ്ദീഖ് (32) ആണ് മരിച്ചത്.

എട്ട് പാക്കറ്റുകളിലായി പൊതിഞ്ഞ 40 ലക്ഷം രൂപയുടെ അനധികൃത വിദേശവിനിമയ കറൻസി ഒരു ബാഗിൽ ആക്കിയാണ് ദുബായിലേക്ക് കൊടുത്ത് വിട്ടത. ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് 4 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖാണ്. ദുബായിലേക്ക് എത്തിച്ച കാരിയർ സിദ്ദിഖിന്റെ സഹോദരന് ബാഗ് കൈമാറുകയും ഇയാൾ ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു. എന്നാൽ പെട്ടി തുറന്നപ്പോൾ, കറൻസി ഉണ്ടായിരുന്നില്ല. ഇതോടെ പണം തിരിച്ചു കിട്ടാനാണ് കറൻസിയുടെ ഉടമസ്ഥൻ പൈവളികയിലെ പ്രതികളെ സമീപിക്കുന്നത്.

ക്വട്ടേഷൻ ഏറ്റെടുത്ത സംഘം സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയേയും തട്ടിക്കൊണ്ടുപോയി. ഇവരെ വിട്ടുകിട്ടണമെങ്കിൽ സിദ്ദിഖ് നാട്ടിലെത്തണമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് സിദ്ദിഖ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് .

കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഉച്ചയോടുകൂടി സിദ്ദിഖിനെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി. പിന്നീട് മർദിച്ച് അവശനാക്കി സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും ഇവർ ആശുപത്രിയിൽ ഉപേക്ഷിച്ചു. അൻസാരിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പ്രതികൾ ആശുപത്രിയിൽ ഉപേക്ഷിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവർ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here