സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

0

തിരുവനന്തപുരം: സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദർശിച്ചിരുന്നെന്നും ഇക്കാര്യം മകൻ സ്ഥിരീകരിച്ചെന്നും സതീശൻ പറഞ്ഞു.

സാക്കിയയുടെ മകന്റെ പ്രതികരണം സതീശൻ വായിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച പത്രവാർത്തയാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.

അതേസമയം ബഫർസോൺ പത്തു കിലോമീറ്റർ ആക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് സർക്കാർ അല്ല. അത് കോടിയേരിക്ക് പറ്റിയ തെറ്റാണ്. അതിനെ എതിർക്കുകയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ചെയ്തത് സുപ്രിംകോടതി ഇങ്ങോട്ടാണ് പത്തു കിലോമീറ്റർ ബഫർ സോൺ നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘പയ്യന്നൂരിൽ ഗാന്ധി തല വെട്ടിമാറ്റിയത് എന്തുകൊണ്ട് പറയുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രി കൂപ മണ്ഡൂകത്തെ പോലെയാണ്. സ്വപ്ന സുരേഷിനെ സർക്കാരിന് ഭയമാണ്. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി വച്ചാൽ പോരായെന്നും’ സതീശൻ ചോദിച്ചു. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാൽ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശൻ ചോദിച്ചു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി, കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചു, 5 ഓഫീസുകൾ കത്തിച്ചു. 30 – 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമസഭയിൽ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകർക്കുന്ന തരത്തിൽ നിയമസഭയ്ക്കുതന്നെ അമപാനമുണ്ടായ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം കൊടുത്ത പിണറായി വിജയൻതന്നെ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നു. അദ്ദേഹം പെരുമാറിയതുപോലെ ഒരു കാലത്തും യുഡിഎഫ് നിയമസഭയിൽ പെരുമാറിയിട്ടില്ല. അദ്ദേഹത്തിൽനിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യുഡിഎഫിനും കോൺഗ്രസിനുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here