104 മണിക്കൂര്‍ നേരം പാമ്പിനും തവളയ്ക്കുമൊപ്പം; 80 അടി താഴ്ചയില്‍ നിന്ന് രാഹുല്‍ ജീവിതത്തിലേക്ക്; രക്ഷാപ്രവര്‍ത്തനം വിജയം

0

 
റായ്പൂര്‍: ഛത്തിസ്ഗഢില്‍ കുഴല്‍ക്കിണറില്‍ വീണ പതിനൊന്നുകാരനെ 104 മണിക്കൂറിന് ശേഷം രക്ഷപ്പെടത്തി. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച രക്ഷാപ്രവര്‍ത്തനമാണ് ചൊവ്വാഴ്ച രാത്രിയോടെ ഫലപ്രാപ്തിയിലെത്തിയത്.

മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. കുട്ടിയെ രക്ഷിച്ച വാര്‍ത്തയും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുട്ടി വളരെ ധൈര്യശാലിയാണ്, 104 മണിക്കൂര്‍ നേരമാണ് അവന്‍ പാമ്പിനും തവളയ്ക്കുമൊപ്പം കഴിച്ചുകൂട്ടിയത്. ഈ ദിവസം ഛത്തീസ്ഗഢ് മുഴുവനും ആഘോഷിക്കുകയാണ്. കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും ഭൂപേഷ് ഭാഗേല്‍ ട്വിറ്ററില്‍ കുറിച്ചു.

കുട്ടി ബിലാസ്പുരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ബിലാസ്പുര്‍ കളക്ടര്‍ ജിതേന്ദ്ര ശുക്ല അറിയിച്ചു. കുഴല്‍ക്കിണറില്‍ കുട്ടിയ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ജന്‍ഗിര്‍ ചമ്പ ജില്ലയിലെ രാഹുല്‍സാഹു എന്ന കുട്ടിയാണ് വീടിന് പിന്നില്‍ നിന്നും കളിക്കുന്നതിനിടെ 80 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന്റെ 60 അടി താഴെയായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. ജൂണ്‍ 10 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കായിരുന്നു അപകടം നടന്നത്. 104 മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 500 ഓളം രക്ഷാപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്)യ്‌ക്കൊപ്പം സൈന്യവും പോലീസും ദൗത്യത്തില്‍ പങ്കെടുത്തിരുന്നു. ഗുജറാത്തില്‍ നിന്ന് റോബോട്ടിനെയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here