രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സമവായത്തിലൂടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്രസമിതിയും ബിജു ജനതാദളും പങ്കെടുത്തേക്കില്ല

0

 
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സമവായത്തിലൂടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്രസമിതിയും ബിജു ജനതാദളും പങ്കെടുത്തേക്കില്ല. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന യോഗത്തില്‍ ഈ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തില്ലെന്നാണ് സൂചന. ഇതോടെ ഒറ്റക്കെട്ടായി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രതിപക്ഷ ശ്രമം തുടക്കത്തിലേ പാളുന്ന സ്ഥിതിയായി.

എഎപി മമതയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനാര്‍ഥിയെ കണ്ടെത്തിയ ശേഷം മാത്രം നിലപാടു വ്യക്താക്കിയാല്‍ മതിയെന്നാണ് എഎപിയുടെ തീരുമാനം. ടിആര്‍എസും ഇന്നു യോഗത്തിനു വരില്ല. ബിജു ജനതാ ദള്‍ നേതാക്കളും വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനെ മമത ക്ഷണിച്ചിട്ടുണ്ടെങ്കിലും അവരും എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗത്തിനായി ഇന്നലെ വൈകിട്ട് മമത ഡല്‍ഹിയില്‍ എത്തി. എന്‍സിപി നേതാവ് ശരദ് പവാറുമായു മമത കൂടിക്കാഴ്ച നടത്തി. പവാറിനെ പ്രതിപക്ഷത്തിന്റെ സമവായ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതു തള്ളുകയായിരുന്നു. 
ജെഡിഎസ് നേതാക്കളായ എച്ച്ഡി ദേവെഗൗഡ, എച്ച്ഡി കുമാരസ്വാമി, രാഷ്ട്രീയ ലോക്ദളിന്റെ ജയന്ത് ചൗധരി, പിഡിപിയുടെ മെഹബൂബ മുഫ്തി എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. ഡിഎംകെയെ പ്രതിനിധീകരിച്ച് ടിആര്‍ ബാലുവാകും യോഗത്തിനെത്തുക. സിപിഎമ്മില്‍നിന്ന് എളമരം കരീമും സിപിഐയില്‍നിന്ന് ബിനോയ് വിശ്വവും യോഗത്തില്‍ പങ്കെടുക്കും. സമാജ് വാദി പാര്‍ട്ടിയും നാഷനല്‍ കോണ്‍ഫറന്‍സും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 
കോണ്‍ഗ്രസില്‍നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here