കണ്ണൂര്‍ മേയറുടെ മുണ്ട് വലിച്ചൂരി വനിതകൾ; ഹോട്ടൽ പൊളിച്ചതിൽ കുടുംബശ്രീ നടത്തിയ പ്രതിഷേധം കൈവിട്ടു

0

കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന ടേസ്റ്റി ഹട്ട് എന്ന ഹോട്ടൽ പൊളിച്ച് മാറ്റിയതിനെ തുടർന്ന് കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന സമരത്തിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മേയര്‍ ടി ഒ മോഹനനെ ഓഫീസിന് മുന്നില്‍ തടഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടയിലൂടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച മേയറുടെ ഉടുമുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നും ആരോപണവുമുണ്ട്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം.

കണ്ണൂര്‍ മേയറുടെ മുണ്ട് വലിച്ചൂരി വനിതകൾ; ഹോട്ടൽ പൊളിച്ചതിൽ കുടുംബശ്രീ നടത്തിയ പ്രതിഷേധം കൈവിട്ടു 1

അപമാനിക്കാനും ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ടു പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് പരാതി നല്‍കി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ കുടുംബശ്രീ പ്രവർത്തകരായ എൻ.കെ.ശ്രീജ (53), ആർ. പ്രസീത (43), എ.പി.രമണി (66),കെ കമലാക്ഷി (58) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മേയറെ തടഞ്ഞതിന് 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. പുതിയ ഹോട്ടല്‍ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചത്. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ജീവിതമാര്‍ഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി വരുന്നത്.

ഓഫീസ് പരിസരത്തെത്തിയ മേയര്‍ പ്രതിഷേധം കണ്ട് പത്ത് മിനിറ്റോളം പുറത്ത് കാത്ത് നിന്നിരുന്നു. സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ അകത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണു വാതിലിനു മുന്നില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്ന സമരക്കാര്‍ മേയറുടെ ഉടുമുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
കോർപറേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ചുരുങ്ങിയ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ടേസ്റ്റ് ഹട്ട് ഹോട്ടൽ ഞായറാഴ്ച രാത്രിയാണ് കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റിയത്. ഫ്രിഡ്ജ്, മിക്സി അടക്കമുള്ള മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കാണിച്ച് കുടുംബശ്രീ അംഗങ്ങൾ സിറ്റി പൊലീസ് കമിഷണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ടൗൺ പൊലീസ് കോർപറേഷനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. കോർപറേഷൻ നടപടിയിൽ കുടുംബശ്രീയെ സംരക്ഷിക്കാൻ സി.പി.എം രംഗത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.

അതി‍െൻറ ഭാഗമായാണ് വ്യാഴാഴ്ച മേയറെ തടയൽ അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടന്നത്. പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തതതോടെ പൊലീസിനെതിരെയും മുദ്രാവാക്യം വിളികളുണ്ടായി. നാലുവര്‍ഷം മുമ്പ് കോർപറേഷന്‍ കോമ്പൗണ്ടില്‍ എല്‍.ഡി.എഫ് ഭരണകാലത്താണ് ഏഴു വനിതകള്‍ക്ക് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ ഹോട്ടൽ അനുവദിച്ചത്. കോർപറേഷനു വേണ്ടി പുതിയ ഓഫിസ് സമുച്ചയം നിർമിക്കുന്നതിനായാണ് സ്ഥാപനം പൊളിച്ചുമാറ്റിയത്.

സ്ഥാപനം മാറ്റണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടതായി മേയർ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്ന് കുടുംബശ്രീയുടെ ആവശ്യത്തിനിടയിലാണ് ഹോട്ടൽ പൊളിച്ചുമാറ്റിയത്. പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമ ഓഫിസിന് മുന്നിലേക്ക്‌ താൽക്കാലികമായി മാറ്റി സ്ഥാപിച്ചിരുന്നു. ഹോട്ടൽ പൊളിയുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കാനാണ് കുടുംബശ്രീ പ്രവർത്തകരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here