ദീർഘദൂര സർവീസുകൾ വ്യാപകമായി മുടങ്ങി; കെഎസ്‌ആർടിസി പണിമുടക്കിൽ പെരുവഴിയിലായി ജനം; കോഴിക്കോട് ജില്ലയിൽ പണിമുടക്ക് സമ്പൂർണം

0

തിരുവനന്തപുരം: എല്ലാമാസവും അഞ്ചാം തീയതിയ്‌ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാൽ അർദ്ധരാത്രിമുതൽ കെഎസ്‌ആർടിസിയിലെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. സമരത്തിന് സിഐടിയുവും പരോക്ഷ പിന്തുണ നൽകുന്നതോടെ വിവിധ ഡിപ്പോകളിൽ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആകെ 201 സർവീസുകളിൽ മൂന്ന് എണ്ണം മാത്രമാണ് നിരത്തിലിറങ്ങിയത്. വടകരയിലെ 21 സർവീസുകളും തൊട്ടിൽപ്പാലം 36 സർവീസുകളും തിരുവമ്പാടിയിലെ 27 സർവീസുകളും താമരശ്ശേരി 42 സർവീസുകളും പണിമുടക്കിൽ പൂർണമായും പങ്കു ചേർന്നു. കോഴിക്കോടേക്കുള്ള 75 സർവീസുകളിൽ മൂന്ന് എണ്ണം മാത്രം ഓടി. അതോടെ കോഴിക്കോട്ടെ 24 മണിക്കൂർ പണിമുടക്ക് സമ്പൂർണ വിജയമായി.

ദീർഘദൂര സർവീസുകൾ അടക്കം ഭൂരിപക്ഷം കെഎസ്ആര്‍ടിസി ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനം യാത്രാ ദുരിതത്തിലായി. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി.

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.

ഒരുപക്ഷേ കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ചെയ്ത ജോലിയുടെ കൂലി തേടി രാഷ്ട്രീയ തീരുമാനമല്ലാതെ ഒരുപണിമുടക്ക് ഇടത് സർക്കാർ ഭരിക്കുമ്പോൾ നടക്കുന്നത്. നാളത്തെ പണിമുടക്കിന് സിപിഎം അനുകൂല ട്രേഡ് യൂണിയനായ സിഐടിയു മാത്രമാണ് പങ്കെടുക്കാത്തത്. നിലവിൽ 33 ശതമാനം ജീവനക്കാരുടെ പിന്തുണയുണ്ട് എന്നാണ് സിഐടിയു അവകാശപ്പെടുന്നത്. എന്നാൽ, നാളത്തെ പണിമുടക്കിൽ അത്രയും ജീവനക്കാർ ജോലിക്ക് ഹാജരാകില്ല എന്ന് യൂണിയന് തന്നെ ഉറപ്പുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇന്ന് വൈകിട്ട് ചർച്ച വെച്ചത്. ഇതോടെ ഇന്ന് ഉച്ചക്ക് ശേഷം ഡ്യൂട്ടിക്ക് കയറിയവരുടെ ഡബിൾ ഡ്യൂട്ടി കണക്കുകൂട്ടി ഹാജർനിലയിൽ കൂടുതൽ കാണിക്കാൻ കഴിയും എന്ന് സർക്കാരും മാനേജ്മെന്റും കണക്കുകൂട്ടുന്നു.
എന്നാൽ, സർക്കാരിന്റെയും മാനേജ്മെന്റിന്റെയും സിഐടിയുവിന്റെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ് കോർപ്പറേഷനിലെ തൊഴിലാളികൾ. നേതാക്കൾ ഉൾപ്പെടെയുള്ള സിഐടിയു തൊഴിലാളികൾ പരസ്യമായി പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. മലപ്പുറത്ത് സിഐടിയു യൂണിറ്റ് പ്രസിഡന്റ് സത്യനും മാവേലിക്കയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കെ ശ്രീകുമാറും ഹരിപ്പാട്ട് സിഐടിയു യൂണിറ്റ് പ്രസിഡന്റ് എ തമ്പിയും സംഘടനയിൽ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സിഐടിയു യൂണിയനിലുള്ള നിരവധി തൊഴിലാളികളാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തുന്നത്.
നിലമ്പൂരിൽ സിഐടിയു അംഗങ്ങളായ മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നും സർവിസ് ഒന്നും പോകില്ലെന്നും ജീവനക്കാരും തീരുമാനിച്ചു. ഇതിന് പിന്നാലെ വിവിധ ഡിപ്പോകളിലെ ജീവനക്കാർ പണിമുടക്കിന് പിന്തുണയറിച്ച് രം​ഗത്തെത്തുകയാണ്. തൊഴിലാളികൾ സ്വമേധയാ സമരരം​ഗത്തേക്കിറങ്ങുന്ന ചരിത്രത്തിലെ തന്നെ അപൂർവ രം​ഗങ്ങൾക്കാണ് കെഎസ്ആർടിസി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

അതിനിടെ, പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡയസ് നോൺ പ്രഖ്യാപനത്തിന് ശേഷവും നിരവധി തൊഴിലാളികളാണ് പണിമുടക്കും എന്നറിയിച്ച് സിഐടിയു വിടുന്നത്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ സംഘടനകളും മാനേജ്‌മെന്റും ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.
ഇക്കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ എസ് ആർ ടി സി മാനേജ്‌മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.
പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും. ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.
സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആർ ടി സി യിൽ ശമ്പളം വിതരണം ചെയ്തത്. ഈ ബാധ്യത തീർക്കാതെ ഇനി ഈ മാസം ഓവർ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്പള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം പറയുന്നത്.

Leave a Reply