പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ പേരില്ലാതിരുന്നിട്ടും എഴുതി തയാറാക്കിയ വിദ്വേഷ പ്രസംഗം നടത്താന്‍ പ്രതിക്ക് അവസരം ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണമെന്നും ഇതിനായി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍; പിസി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍

0

കൊച്ചി: വെണ്ണലയില്‍ പിസി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പിസി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

വെണ്ണലയില്‍ മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ വേദിയിലാണ് പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗം നടത്തിയത്. സമാപന പരിപാടിയുടെ നോട്ടീസില്‍ ജോര്‍ജ്ജിന്റെ പേരുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിദ്വേഷം പ്രസംഗം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ പേരില്ലാതിരുന്നിട്ടും എഴുതി തയാറാക്കിയ വിദ്വേഷ പ്രസംഗം നടത്താന്‍ പ്രതിക്ക് അവസരം ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണമെന്നും ഇതിനായി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 21ന് വിധി പറയും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.വെണ്ണലയില്‍ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ആദ്യം ലഭിച്ചത്, അപ്പോള്‍ തന്നെ കേസെടുത്തു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here