ആര്‍.ടി.ഒ. ഓഫീസുകളില്‍ തുടര്‍ നടപടികള്‍ക്കായി വാഹനഉടമകള്‍ അപേക്ഷകള്‍ നിക്ഷേപിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ബോക്‌സുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്‌ഥ-ഏജന്റുമാരുടെ നീക്കം

0

പാലാ: ആര്‍.ടി.ഒ. ഓഫീസുകളില്‍ തുടര്‍ നടപടികള്‍ക്കായി വാഹനഉടമകള്‍ അപേക്ഷകള്‍ നിക്ഷേപിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ബോക്‌സുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്‌ഥ-ഏജന്റുമാരുടെ നീക്കം. ആര്‍.ടി ഓഫീസുകളില്‍ കൗണ്ടറുകളില്‍ നേരിട്ടു സമര്‍പ്പിക്കേണ്ടതല്ലാത്ത അപേക്ഷകള്‍ ഫീസടച്ചശേഷം ഓഫീസുകളില്‍ സ്‌ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലാണ്‌ തുടര്‍നടപടികള്‍ക്കായി വാഹനഉടമകള്‍ നിക്ഷേപിച്ചിരുന്നത്‌.
രണ്ടുവര്‍ഷമായി സംസ്‌ഥാനത്തെ എല്ലാ ആര്‍.ടി ഓഫീസുകളിലും ഇത്‌ തുടരുകയായിരുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ചിരുന്ന അപേക്ഷകള്‍ പിറ്റേന്ന്‌ തന്നെ പ്യൂണ്‍മാര്‍ ബോക്‌സ്‌ തുറന്നു തരംതിരിച്ച്‌ ഉത്തരവാദപ്പെട്ട ചുമതലയുള്ള ക്ലാര്‍ക്കുമാരെ ഏല്‍പ്പിച്ച്‌ ഓഫീസ്‌ രേഖകളില്‍ ചേര്‍ക്കുകയാണ്‌ നടപടിക്രമം. പെര്‍മിറ്റ്‌ പുതുക്കല്‍, പേരുമാറല്‍, ലൈസന്‍സ്‌ പുതുക്കല്‍ തുടങ്ങി ഇത്തരത്തിലുള്ള അപേക്ഷകള്‍ ഇന്‍വേര്‍ഡ്‌ ചെയ്‌താണ്‌ ഉദ്യോഗസ്‌ഥര്‍ നടപടി പൂര്‍ത്തിയാക്കി ഉടമകള്‍ക്ക്‌ രജിസ്‌റ്റേഡ്‌ തപാലില്‍ അയച്ചുകൊടുത്തിരുന്നത്‌. അതിനാല്‍ ഫീസടയ്‌ക്കുന്ന അക്ഷയയിലേയോ കോമണ്‍സര്‍വീസ്‌ സെന്ററുകളിലേയോ നാമമാത്രമായ സേവനനിരക്കു മാത്രമേ വാഹന ഉടമകള്‍ക്ക്‌ നല്‍കേണ്ടതുള്ളു.
എന്നാല്‍ ഇപ്പോള്‍ ആര്‍.ടി ഓഫീസുകളില്‍നിന്നും അപേക്ഷ ഇടാനുള്ള ഇത്തരം ബോക്‌സുകള്‍ നീക്കം ചെയ്യുന്നതിനും അപേക്ഷ നേരിട്ട്‌ കൈപ്പറ്റുന്നതിനുമുള്ള നടപടികളിലേക്ക്‌ മാറാന്‍ ഉദ്യോഗസ്‌ഥര്‍ ശ്രമം നടത്തുകയാണ്‌. ഇതിന്റെ ഭാഗമായി ചില ഓഫീസുകളല്‍ ബോക്‌സില്‍ അപേക്ഷ ഇടാതിരിക്കാന്‍ ടേപ്പൊട്ടിച്ച്‌ അടച്ച നിലയിലാണ്‌.
ബോക്‌സുകള്‍ നീക്കി അപേക്ഷ നേരിട്ട്‌ സ്വീകരിക്കാന്‍ ഗതാഗത വകുപ്പില്‍ നിന്ന്‌ ഇതുവരെ ഉത്തരവാകാത്തതാണ്‌ ഉദ്യോഗസ്‌ഥ-ഏജന്റുലോബിക്ക്‌ ഇപ്പോള്‍ തടസം. വാഹന ഉടമകള്‍ നേരിട്ട്‌ അപേക്ഷയും രേഖകളും ബോക്‌സുകളില്‍ നിക്ഷേപിച്ചാല്‍ ഇടനിലക്കാരായ ഏജന്റുമാര്‍ക്ക്‌ കമ്മീഷന്‍ ലഭിക്കാത്തതാണ്‌ അവരെ അലോസരപ്പെടുത്തുന്നത്‌. ഏജന്റുമാര്‍ മുഖേന നേരിട്ട്‌ കൗണ്ടറില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏജന്റിന്റെയോ അവരുടെ സ്‌ഥാപനത്തിന്റേയോ പേരുകൂടി ചേര്‍ത്ത്‌ സമര്‍പ്പിക്കുന്നതിനാല്‍ അപേക്ഷകള്‍ ഏത്‌ ഏജന്റിന്റേതാണന്ന്‌ മനസിലാക്കി ഉദ്യോഗസ്‌ഥര്‍ക്ക്‌ കൈക്കൂലി വാങ്ങാന്‍ എളുപ്പവുമാണ്‌.
ഓരോ ഏജന്റുമാരുടേയും ഫയലുകള്‍ക്ക്‌ ഉദ്യോഗസ്‌ഥരുടെ ചട്ടപ്രകാരമുള്ള പടി പിരിക്കുന്നതിന്‌ ഏജന്റുമാരില്‍ നിന്ന്‌ തന്നെ ഉദ്യോഗസ്‌ഥര്‍ ആളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പണം പിരിക്കുന്ന ഏജന്റിന്‌ ഇതിന്‌ വേറെ കമ്മി ഷന്‍ ഉദ്യോഗസ്‌ഥര്‍ നല്‍കുകയാണ്‌ പതിവ്‌. ബോക്‌സില്‍ അപേക്ഷയും രേഖകളും നിക്ഷേപിക്കുന്ന സമ്പ്രദായം വഴി ആര്‍.ടി ഓഫീസുകളിലെ കൈക്കൂലി ഒരു പരിധിവരെ ഒഴിവാക്കാനാവുന്നുണ്ട്‌. അപേക്ഷകള്‍ ഓണ്‍ലൈന്‍ ഫീസടച്ച്‌് രജിസ്‌റ്റേഡ്‌ പോസ്‌റ്റില്‍ ആര്‍.ടി.ഒ ഓഫീസുകളിലേക്ക്‌് അയച്ചാല്‍ സ്വീകിക്കണമെന്നാണ്‌ ചട്ടമെങ്കിലും ഇത്‌ പലഒ ാഫീസുകളിലും പാലിക്കറില്ലന്നും ആക്ഷേപമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here