ഒടുവില്‍ സീസണിലെ ഒമ്പതാം മത്സരത്തില്‍ തുടര്‍ തോല്‍വികളുടെ നാണക്കേട് ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്

0

മുംബൈ: ഒടുവില്‍ സീസണിലെ ഒമ്പതാം മത്സരത്തില്‍ തുടര്‍ തോല്‍വികളുടെ നാണക്കേട് ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയ മുംബൈ എട്ടു മത്സരങ്ങള്‍ക്ക് ശേഷം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍ണയുടെയും ഇന്നിങ്‌സുകളാണ് മുംബൈക്ക് ജയമൊരുക്കിയത്.

159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഇഷാന്‍ കിഷന്‍ താളം കണ്ടെത്തിയതോടെ മുംബൈ ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചു പന്തില്‍ നിന്നും വെറും രണ്ടു റണ്‍സുമായി മൂന്നാം ഓവറില്‍ മടങ്ങി.

വൈകാതെ 18 പന്തില്‍ നിന്ന് 26 റണ്‍സുമായി കിഷനും പുറത്ത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ സഖ്യം മത്സരം മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു. 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്.

സൂര്യകുമാര്‍ 39 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 51 റണ്‍സെടുത്തു. തിലക് വര്‍മ 30 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും പുറത്തായ ശേഷം കിറോണ്‍ പൊള്ളാര്‍ഡും ടിം ഡേവിഡും ചേര്‍ന്ന് ടീമിനെ വിജയത്തിന് നാലു റണ്‍സകലെ വരെയെത്തിച്ചു. 14 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറിലെ ആദ്യ പന്തില്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഡാനിയല്‍ സാംസ് ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തി നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ടിം ഡേവിഡ് ഒമ്പത് പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 52 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ച് ഫോറുമടക്കം 67 റണ്‍സെടുത്ത ബട്ട്‌ലറാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.

വാലറ്റത്ത് വെറും ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ആര്‍. അശ്വിനാണ് റോയല്‍സ് സ്‌കോര്‍ 150 കടത്തിയത്. ദേവ്ദത്ത് പടിക്കല്‍ (15 പന്തില്‍ നിന്ന് 15), സഞ്ജു സാംസണ്‍ (ഏഴു പന്തില്‍ നിന്ന് 16), ഡാരില്‍ മിച്ചല്‍ (20 പന്തില്‍ 17), ഷിംറോണ്‍ ഹെറ്റ്മയര്‍ (14 പന്തില്‍ ആറ്), റിയാന്‍ പരാഗ് (മൂന്ന് പന്തില്‍ മൂന്ന്) എന്നിവര്‍ക്കാര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.

മുംബൈക്കായി ഹൃത്വിക്ക് ഷോകീനും റിലെ മെറിഡിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here