ഇന്ധനം വിപണിവിലയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയെ സമീപിച്ചു

0

ന്യൂഡൽഹി: ഇന്ധനം വിപണിവിലയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയെ സമീപിച്ചു. വിപണിവിലയെക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ഇനിയും ഇതിൽ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ട സ്ഥിതിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. അഭിഭാഷകനായ ദീപക് പ്രകാശ് മുഖേനെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.

വിപണിവിലയിൽ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് കൂടിയ നിരക്ക് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകൾക്ക് വിപണിവിലയ്ക്കാണ് ഡീസൽ നൽകുന്നത്. എന്നാൽ, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകേണ്ടിവരുന്നുണ്ട്. ഇതുവഴി പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനു വരുന്നത്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഇത് കെ.എസ്.ആർ.ടി.സി തന്നെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക നയിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

മെയ് മാസം തുടങ്ങുന്നത് തന്നെ തൊഴിലാളി ശക്തിയുടെ ​ഗരിമയും പെരുമയും വിളിച്ചോതിക്കൊണ്ടാണ്. കേരളം ഭരിക്കുന്ന സിപിഎമ്മും അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവും ആവേശത്തോടെ പ്രസം​ഗിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും അമേരിക്കയിലെ ചിക്കാ​ഗോ തെരുവീഥികളിൽ ചോര ഒഴുക്കിയ തൊഴിലാളികളുടെ അവകാശ സമരത്തെ കുറിച്ചാണ്. എന്നാൽ, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആർടിസി തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഈ സർക്കാർ. എന്നുമാത്രമല്ല, ശമ്പളത്തിനായി തൊഴിലാളികൾ സമരം ചെയ്തു എന്നതിന്റെ പേരിൽ അവരോട് പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ്! എത്ര നല്ല തൊഴിലാളി സ്നേഹ പാർട്ടിയും സർക്കാരും. ഒരു പൊതുമേഖലാ സ്ഥാപനത്തെ മര്യാദക്ക് നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ അതിനെ പൂട്ടുന്നതിന് മുമ്പ് ആ തൊഴിലാളികൾക്ക് നൽകിക്കൂടെ എന്ന് ആദ്യം ചോദിച്ചത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെ ​ഗോപാലൻ എന്ന എകെജി ആയിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൽ നിന്നും കോഫീ ബോർഡ് എന്ന പൊതുമേഖലാ സ്ഥാപനം ചോദിച്ച് വാങ്ങാനുള്ള ആർജ്ജവം എകെജിക്കും ഒട്ടും ശക്തമല്ലാത്തൊരു പാർട്ടിയുടെ ശക്തനായൊരു നേതാവിന്റെ വാക്കുകൾക്ക് വില കൽപ്പിക്കാനുള്ള ജനാധിപത്യ മര്യാദ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും ഉണ്ടായത് കൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് ഇന്ത്യൻ കോഫീ ഹൗസുകൾ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരത്തെ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയുടെ തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ കോഫീ ഹൗസിലേക്ക് കെഎസ്ആർടിസി തൊഴിലാളികൾ മുഖമുയർത്തി നോക്കണം. എന്നിട്ട് സിപിഎം സർക്കാർ അടച്ചുപൂട്ടാൻ വ്യ​ഗ്രത കാട്ടുന്ന പൊതു​ഗതാ​ഗത സംവിധാനത്തെ തങ്ങൾക്ക് വിട്ടുനൽകാൻ സർക്കാരിനോട് തൊഴിലാളികൾ ആവശ്യപ്പെടണം. കേരളത്തിൽ തന്നെ സഹകരണ മേഖലയിൽ വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന നിരവധി സഹകരണ മോട്ടോർ സംഘങ്ങൾ ഉണ്ടെങ്കിലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ഊർജ്ജമാകേണ്ടത് ഇന്ത്യൻ കോഫീ ഹൗസുകളുടെ വിജയ​ഗാഥ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here