കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് എഐടിയുസി. ഗതാഗതമന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ആവശ്യപ്പെട്ടു

0

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് എഐടിയുസി. ഗതാഗതമന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ആവശ്യപ്പെട്ടു. ആറാം തീയതി തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്ന ഗതാഗത മന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം ശിവകുമാർ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു.

മെയ് മാസം ഒന്നാം തീയതി കെഎസ്ആർടിസി ആകെ നടത്തിയത് 9,98000 കിലോമീറ്റർ സർവീസാണ്. അന്ന് 5,00,70769 രൂപയായിരുന്നു കളക്ഷൻ. രണ്ടാം തീയതി 10,64111കിലോമീറ്റർ സർവീസ് നടത്തിയെങ്കിലും 4,94,76452 രൂപ മാത്രമായിരുന്നു കളക്ഷൻ. മൂന്നാം തീയതിയാകട്ടെ, 10,60355 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്ക് 4,99,94994 രൂപയാണ് കളക്ഷൻ. നാലം തീയതി 11,96930 കിലോമീറ്റർ സർവീസ് നടത്തി 6,36,90335 രൂപ സമാഹരിച്ചു. അഞ്ചാംതീയതി 12,60289 കിലോമീറ്റർ ഓടിയ ബസുകൾ 6 ,69,87981രൂപ കളക്ഷനുണ്ടാക്കി. പണിമുടക്ക് ദിവസമായ ആറാം തീയതി 3,79,322 കീലോമീറ്റർ മാത്രം സർവീസ് നടത്തിയ കെഎസ്ആർടിസി 2 ,10,96257 രൂപയുടെ വരുമാനമുണ്ടാക്കി. അതിന് ശേഷം വരുമാന നഷ്ടം ഉണ്ടായെന്നാണ് ​ഗതാ​ഗത മന്ത്രിയുടെ ആരോപണം. എന്നാൽ ഏഴാം തീയതി 10,19148 കിലോമീറ്റർ ഓടി 5,42,86934 രൂപയും, എട്ടാം തീയതി 10,07617 കിലോമീറ്റർ ഓടി 5,47,78502 രൂപയും ഒമ്പതാം തീയതി 12,48879 കിലോമീറ്റർ ഓടി 6,97,59541 രൂപയും കെഎസ്ആർടിസി വരുമാനമുണ്ടാക്കി. ഈ കണക്കുകൾ മറച്ചുവെച്ചാണ് ​ഗതാ​ഗത മന്ത്രി അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്ന് എഐടിയുസി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാം തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ല. മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവം എങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here