പഞ്ചാബ്‌ കിങ്‌സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ആറ്‌ വിക്കറ്റ്‌ ജയം

0

മുംബൈ: പഞ്ചാബ്‌ കിങ്‌സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ആറ്‌ വിക്കറ്റ്‌ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് അഞ്ച്‌ വിക്കറ്റിന്‌ 189 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ കളി തീരാന്‍ രണ്ട്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. വെസ്‌റ്റിന്‍ഡീസ്‌ താരം ഷിംറോണ്‍ ഹിറ്റ്‌മീറിന്റെ വെടിക്കെട്ട്‌ (16 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 31) ജയം ആവേശകരമാക്കി. റോയല്‍സിന്റെ 15-ാം സീസണിലെ ആദ്യ പിന്തുടര്‍ന്നുള്ള ജയമാണിത്‌. 11 കളികളില്‍ ഏഴ്‌ ജയങ്ങള്‍ നേടിയ രാജസ്‌ഥാന്‍ 14 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ്‌.
രണ്ടാം സ്‌ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും അതേ പോയിന്റാണെങ്കിലും റണ്‍ ശരാശരിയിലെ മികവ്‌ മേല്‍ക്കൈ നല്‍കി. 11 കളികളില്‍നിന്ന്‌ 10 പോയിന്റ്‌ നേടിയ പഞ്ചാബ്‌ ഏഴാം സ്‌ഥാനത്താണ്‌. തോല്‍വി അവരുടെ നോക്കൗട്ട്‌ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ്‌. പഞ്ചാബിനെതിരേ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (41 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 68) വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുത്തു. ജോസ്‌ ബട്ട്‌ലറുമൊത്ത്‌ (16 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 30) ടീമിനു മിന്നല്‍ത്തുടക്കം നല്‍കാന്‍ യശസ്വിക്കായി.
നായകന്‍ സഞ്‌ജു സാംസണ്‍ (12 പന്തില്‍ നാല്‌ ഫോറുകളടക്കം 23), ഓപ്പണറുടെ റോളില്‍നിന്നു മാറിയ ദേവദത്ത്‌ പടിക്കല്‍ (32 പന്തില്‍ 31) എന്നിവരുടെ അവസരോചിത ബാറ്റിങ്ങും ടീമിനെ ജയത്തിലേക്കു നയിച്ചു. പഞ്ചാബിനു വേണ്ടി അര്‍ഷദീപ്‌ സിങ്‌ രണ്ട്‌ വിക്കറ്റും കാഗിസോ റബാഡ, ഋഷി ധവാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ടോസ്‌ നേടിയ പഞ്ചാബ്‌ നായകന്‍ മായങ്ക്‌ അഗര്‍വാള്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.
ജോണി ബെയര്‍സ്‌റ്റോയും (40 പന്തില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം 56) ശിഖര്‍ ധവാനും (16 പന്തില്‍ 12) പഞ്ചാബിന്‌ മികച്ച തുടക്കം നല്‍കി. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ മൂന്ന്‌ വിക്കറ്റ്‌ പ്രകടനം അവരുടെ വഴി തെറ്റിച്ചു. ബെയര്‍സ്‌റ്റോയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ചാഹാല്‍ ഭാനുക രാജപക്‌സെയെ (18 പന്തില്‍ രണ്ട്‌ സിക്‌സറും ഫോറുമടക്കം 27) ബൗള്‍ഡാക്കി. മായങ്കിനെയും (13 പന്തില്‍ 15) ചാഹാലാണു പുറത്താക്കിയത്‌. വിക്കറ്റ്‌ കീപ്പര്‍ ജിതേഷ്‌ ശര്‍മ (18 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 38), ലിയാം ലിവിങ്‌സ്റ്റണ്‍ (14 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 22) എന്നിവരാണു ടീമിനെ 180 ലെത്തിച്ചത്‌.

Leave a Reply