മത്സരം തൃക്കാക്കരയില്‍, തര്‍ക്കം കത്തോലിക്കാ സഭയില്‍

0

കോട്ടയം : ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍. പ്രചാരണത്തില്‍ ഇപ്പോള്‍ സജീവമായുള്ളത്‌ ഇടതു-വലതു സ്‌ഥാനാര്‍ഥികള്‍. പക്ഷേ, തര്‍ക്കം രൂക്ഷമാകുന്നതു കത്തോലിക്കാ സഭയിലാണ്‌. ജനാഭിമുഖ കുര്‍ബാനയുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തര്‍ക്കമാണ്‌ തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാര്‍ഥിക്കുള്ള പിന്തുണ സംബന്ധിച്ചു രൂക്ഷമായിരിക്കുന്നത്‌.
ഇടതുപക്ഷം ഡോ. ജോ ജോസഫിന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണു വാദകോലാഹലങ്ങള്‍ ഉയര്‍ന്നത്‌. സഭയുടെ സ്‌ഥാനാര്‍ഥിയാണെന്നും അല്ലെന്നുമാണ്‌ വാദങ്ങള്‍. ഡോ.ജോ ജോസഫ്‌ ജോലിചെയ്യുന്ന ലിസി ആശുപത്രിയില്‍ വൈദികരുടെ സാന്നിധ്യത്തില്‍ സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ്‌ കത്തോലിക്കാ സഭയുടെ സ്‌ഥാനാര്‍ഥിയാണെന്ന വാദമുയരാന്‍ കാരണം. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണ്‌ ഡോ.ജോ ജോസഫിന്റെ സ്‌ഥാനാര്‍ഥിത്വത്തിനു പിന്നിലെന്നും സഭയിലെ ഒരു വിഭാഗം ആരോപിച്ചു.
അതോടെ ഡോ.ജോ ജോസഫ്‌ സഭയുടെ സ്‌ഥാനാര്‍ഥിയാണെന്ന പ്രചാരണം തള്ളി സിറോ മലബാര്‍ സഭ രംഗത്തുവന്നു. സ്‌ഥാപിത താത്‌പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന പ്രചാരണമാണ്‌ ഇതെന്നായിരുന്നു സഭാ മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ: അലക്‌സ്‌ ഓണംപ്പള്ളിയുടെ വിശദീകരണം.
വൈദികര്‍ക്കൊപ്പം ഇടതു സ്‌ഥാനാര്‍ഥിയെ അവതരിപ്പിച്ചതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി മുന്‍ കെ.സി.ബി.സി. വക്‌താവു രംഗത്തെത്തി. കേരളത്തില്‍ ഇതുവരെ കാണാത്ത പ്രവണതയാണിതെന്നു ഫാ: വര്‍ഗീസ്‌ വള്ളികാട്ടില്‍ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു. “ഒരു ബ്രാന്‍ഡിങ്ങിനു സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കില്‍ സി.പി.എം. വിശദീകരിക്കണം. സഭാ മേലധ്യക്ഷനെ വിവാദത്തിലേക്കു വലിച്ചിഴയ്‌ക്കാന്‍ ഈ നടപടി കാരണമായി. രാഷ്‌ട്രീയം പറഞ്ഞാണ്‌ വോട്ട്‌ പിടിക്കേണ്ടത്‌”-അദ്ദേഹം ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇടതു സ്‌ഥാനാര്‍ഥിയെ പിന്തുണയ്‌ക്കില്ലെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്‌തമാക്കിയിട്ടുണ്ട്‌. “ഡോ.ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച നടത്തിയതായി അറിയില്ല. ആരെങ്കിലും നിര്‍ദേശിച്ചു എന്നതുകൊണ്ട്‌ അതിരൂപതയുടെ പിന്തുണയുണ്ടെന്നു പറയാനാകില്ല. ആര്‍ക്ക്‌ വോട്ട്‌ എന്നതില്‍ അതിരൂപതയ്‌ക്കു നിലപാടുണ്ട്‌. അതിരൂപതയെ സഹായിച്ചവര്‍ക്കുമാത്രമാണ്‌ പിന്തുണ”-ഫാ. ജോസഫ്‌ പാറേക്കാട്ടില്‍ അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ നല്ലൊരു ശതമാനം വിശ്വാസികളും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളില്‍നിന്നു കുടിയേറിയവരാണ്‌. പുതിയ സാഹചര്യത്തില്‍ ഇവരുടെ രാഷ്‌ട്രീയ നിലപാടും നിര്‍ണായകമാകും.
ബി.ജെ.പി. പാളയത്തിലേക്കു നീങ്ങുന്ന പി.സി. ജോര്‍ജ്‌, ഇടതുപക്ഷ സ്‌ഥാനാര്‍ഥിയെ പിന്തുണച്ചു സംസാരിച്ചതും രാഷ്‌ട്രീയ വിവാദത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

Leave a Reply