ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കൊല്ലത്ത് 10 ഹോട്ടലുകൾക്ക് പൂട്ട് വീണു

0

കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കൊല്ലത്ത് 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകൾക്കും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്കെതിരേയും ആണ് നടപടി എടുത്തിരിക്കുന്നത്. എട്ട് ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 30 കിലോ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കിയതായും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന രാത്രിയിലും തുടരും.

അതേസമയം കോട്ടയം നഗരത്തിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവയാണ് ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കോട്ടയം കെ.എസ്.ആർ.ടി.സി ക്യാന്റിൻ, കോശീസ്, വസന്തം ഹോട്ടൽ, ഇംപീരിയൽ, ഹരിതം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.പഴകിയതും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതുമായ വിവിധ ആഹാര സാധനങ്ങൾ പിടിച്ചെടുക്കുകയും ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

നിയമം ലംഘിച്ചുകൊണ്ടും, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും, വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യനും, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിലും അറിയിച്ചു.

പരിശോധനാ സ്‌ക്വാഡിന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻ ലാൽ എന്നിവരും പങ്കെടുത്തു.
അതേസമയം സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ച് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ. വിവിധ ജില്ലകളിലായി വഴിയോര തട്ടുകടകളിലേക്കും പരിശോധന വ്യടാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസ്സിലും ബാർ ഹോട്ടലിൽ നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു. കാസർഗോഡ് നിന്നും പിടികൂടിയത് തമിഴ്നാട്ടിൽ നിന്നും എത്തിയ 200 കിലോ പഴകിയ മത്സ്യം.

വൃത്തി ഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതിനു പിന്നാലെ യാണ് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ നടപടികൾ തുടരുന്നത്. തിരുവനന്തപുരം നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്റീനിൽ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെത്തി. വാളിക്കോട് ജംക്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി.

കച്ചേരി ജംക്ഷനിൽ മാർജിൻ ഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. നോട്ടീസ് നൽകി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് ചുറ്റുന്നത്. പരിശോധനയറിഞ്ഞ് മിക്കവരും ജാഗരൂകരാണെങ്കിലും പലയിടത്തും കാഴ്ച്ചകൾക്ക് മാറ്റമുണ്ടായില്ല.
കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യമാണ് പിടികൂടിയത്. വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചത്. കൊച്ചിയിലും ഇടുക്കിയിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലുകളിൽ പരിശോധന തുടരകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങൾ അടക്കാൻ നിർദ്ദേശം നൽകി. 12 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകളാണ് ഇന്നലെ വരെ പൂട്ടിച്ചത്. ഇന്നലെ വരെ 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ കർശനമായി നടന്നു തുടങ്ങിയത്.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. മാന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് പഴകിയ അസംസ്‌കൃത വസ്തുക്കളാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കട ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
വൃത്തി ഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിച്ചിരുന്ന തമിഴ് നാട് സ്വദേശിയുടെ ബോർമയും, ഏഴാം വാർഡിൽ ഐടിഐക്ക് സമീപം പ്രവർത്തിച്ചിരുന്ന ബോർമ്മയും ആരോഗ്യവകുപ്പ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഇവ രണ്ടും മതിയായ ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി ഡെയിൻസ്, ദിലിപ്കുമാർ , പബ്ലിക്ക് ഹെൽത്ത് സൂപ്പർവൈസർ മഹിമാ മോൾ , ജി വിവേക്, ജി എൽ ശ്രീജിത്ത്, ലിജി മാത്യൂ ,ജ്യോതി പി, ശ്യാമ എസ് നായർ , ജോസ് ,അബു ഭാസ്ക്കർ, എം പി സുരേഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതൻ പറഞ്ഞു.
കേരളത്തിൽ 6 ദിവസത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയത് 1132 റെയ്ഡുകൾ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതോടു കൂടിയാണ് നിരീക്ഷണം കടുപ്പിക്കാൻ അധികൃതർ തയ്യാറായത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകൾ പൂട്ടിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് മാത്രം ഏഴ് കടകളാണ് പൂട്ടിച്ചത്. വയനാട് മൂന്നും എറണാകുളത്ത് രണ്ടും ഹോട്ടലുകളും പൂട്ടിച്ചു. കോട്ടയത്ത് ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അഴുകി പുഴുവരിച്ച മീൻ പിടികൂടിയതിനെ തുർന്ന് കോഴിക്കോട് മുക്കം ബിസ്മി ഫിഷ് മാർക്കറ്റ് അടപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ഇതുവരെ പരിശോധനകൾ കൃത്യമായി നടത്താത്തിൽ വിമർശനം ഉന്നയിച്ചു.
സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന തുടരുന്നു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നി‍ർദേശം നൽകി. കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചതായി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഇന്ന് 7 ഹോട്ടലുകൾ പൂട്ടിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവ പൂട്ടി. വയനാട്ടിൽ ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത 3 ഹോട്ടലുകൾ അടയ്ക്കാൻ നോട്ടീസ് നൽകി. മേപ്പാടി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. കോട്ടയത്ത്‌ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 6 ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകി. എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. അപാകതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകി.
നടപടി എടുത്ത ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here