ഗുരുവായൂരിലെ വീട്ടില്‍നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മരാജ് ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്

0

ഗുരുവായൂര്‍: ഗുരുവായൂരിലെ വീട്ടില്‍നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മരാജ് ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ”ഇത്രയധികം സ്വര്‍ണം കാണുന്നത് ആദ്യമായാണ്. അട്ടിയായി ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി. ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ മതിയായെന്നും തോന്നി…” – കവര്‍ച്ച നടന്ന വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രതി ധര്‍മരാജന്‍ പറഞ്ഞതാണിത്. വീടിന്റെ മതില്‍ ചാടി അകത്തുകടന്ന് കവര്‍ച്ച നടത്തിയ രീതി പ്രതി എ.സി.പി. കെ.ജി. സുരേഷിനു മുന്നില്‍ കൃത്യമായാണ് അവതരിപ്പിച്ചത്.

ബൈക്കിലാണ് വന്നത്. അത് റോഡരികിലെ തട്ടുകടയ്ക്കരികില്‍ നിര്‍ത്തി. മദ്യപിച്ചു. പിന്നിലെ മതില്‍ ചാടിയശേഷം കുളിമുറിയുടെ ബള്‍ബ് ഊരി പാന്റ്സിന്റെ പോക്കറ്റിലിട്ടു. മുന്‍വശത്തെ വാതില്‍ പൊളിച്ചുകടക്കാനായിരുന്നു പദ്ധതി. ആ വാതിലിന് നല്ല ഉറപ്പുള്ളതിനാല്‍ ശ്രമം ഉപേക്ഷിച്ചു. അവിടെ ക്യാമറയില്‍പ്പെടാതിരിക്കാന്‍ മുഖം മറച്ചുപിടിച്ചു. പിന്‍വശത്തെ ബാല്‍ക്കണി വഴി കയറി വാതില്‍ ഉളികള്‍കൊണ്ട് പൊളിച്ച് അകത്തുകടന്നു. ആദ്യം പൊളിച്ച അലമാരയില്‍ത്തന്നെ ഇത്രയധികം സ്വര്‍ണവും പണവും പ്രതീക്ഷിക്കാതെ കിട്ടി. അതുകൊണ്ട് മറ്റു മുറികളിലേക്കൊന്നും പോയില്ല. 40 മിനിറ്റിനുള്ളില്‍ നടത്തിയ കവര്‍ച്ച പ്രതി ഒന്നും വിടാതെ വിശദീകരിച്ചു. കവര്‍ച്ച നടത്തിയ മുറിയിലേക്ക് പോലീസുമായി എത്തിയ പ്രതി ചോദിച്ചു-”ആ അലമാര കാണാനില്ലല്ലോ”. സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പൊളിച്ച് കേടുവരുത്തിയിരുന്നതുകൊണ്ട് അത് മുറിയില്‍നിന്ന് മാറ്റിയിരുന്നു.
ചണ്ഡീഗഢില്‍ ആഡംബര സുഖവാസം
സ്വര്‍ണം വിറ്റുകിട്ടിയ പണംകൊണ്ട് ചണ്ഡീഗഢില്‍ ആജീവനാന്തം സുഖവാസമാണ് ധര്‍മരാജ് പദ്ധതിയിട്ടത്. പത്തുദിവസം അവിടത്തെ ഏറ്റവും വലിയ ആഡംബരഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. ദിവസം 6000 രൂപയാണ് മുറിവാടക. പത്തുദിവസത്തിനുള്ളില്‍ ഒരുലക്ഷത്തോളം രൂപ ചെലവായി.
ചണ്ഡീഗഢില്‍ ബിസിനസ് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. അവിടെ സ്ഥലം വാങ്ങി വീടുവയ്ക്കാനും അടുത്ത ദിവസം സിംലയിലേക്ക് പോകാനും പ്രതിക്ക് പദ്ധതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അവിടെ ഓട്ടോയില്‍ 400 രൂപയുടെ ഓട്ടംപോയതിന് പ്രതി കൊടുത്തത് 4000 രൂപയായിരുന്നത്രേ.
വേഷങ്ങള്‍ പലവിധം

പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പ്രതി ധര്‍മരാജ് വേഷങ്ങള്‍ പലതും കെട്ടി. രണ്ടു വര്‍ഷം മുമ്പുള്ള മുടി രീതിയല്ല ഇപ്പോള്‍..അടുത്തകാലത്താണ് മുടിക്ക് നിറംനല്‍കിയത്. ആദ്യമൊക്കെ അരക്കൈ ഷര്‍ട്ടായിരുന്നു സ്ഥിരവേഷം. പിന്നീട് ഫുള്‍സ്ലീവ് ആയി. കൈയിലെ ടാറ്റു പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ കൂടിയായിരുന്നു അത്.
തുടക്കം 16-ാം വയസ്സിൽ
കവർച്ചയിൽ ഒരുപാട് ‘അനുഭവസമ്പത്തുള്ള’യാളാണ് പ്രതി ധർമരാജ്. 16-ാം വയസ്സിലായിരുന്നു ‘അരങ്ങേറ്റം’. അങ്കമാലിയിലെ സ്ഥാപനത്തിൽനിന്ന് ലാപ്‌ടോപ്പാണ് മോഷ്ടിച്ചത്. വൈകാതെ പിടിയിലായ പ്രതിയെ കാക്കനാട് ജുവൈനൽ ഹോമിലേക്കയച്ചു.
അവിടെനിന്ന് വിട്ടയച്ചശേഷം വീണ്ടും മോഷണം. അതിന് പിടിയിലായപ്പോൾ തൃശ്ശൂർ രാമവർമപുരം ജുവനൈൽ ഹോമിലേക്ക്‌ വിട്ടു. അവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പിന്നീട് മോഷണപരമ്പര നീണ്ടു. തഞ്ചാവൂരിൽ മൊബൈൽസ്ഥാപനം ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നുതന്നെ 60 പുതിയ മൊബൈലുകൾ കവർന്നു. തൃത്താലയിൽ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്നു. തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്ന് 25,000 രൂപയുമെടുത്തു. ഇതെല്ലാം അടുത്തകാലത്തെ മോഷണങ്ങളാണ്.

ധർമരാജിന്റെ രണ്ട്‌ സഹോദരങ്ങളും മോഷ്ടാക്കളാണെന്നാണ് പറയുന്നത്. അവർ തിരുച്ചിയിലാണ്. ധർമരാജ് നന്നേ ചെറുപ്പത്തിൽ കേരളത്തിലെത്തിയതാണ്. മിക്കപ്പോഴും ഊരുചുറ്റലാണ് പതിവ്. രാത്രിയുറക്കം പണി പൂർത്തിയാകാത്ത കെട്ടിടങ്ങളിലോ ആരും ശ്രദ്ധിക്കാത്ത കടമുറികൾക്കിടയിലോ ആയിരിക്കും.
പോലീസിന് ഇത് പൊന്‍തൂവല്‍
അടുത്തകാലത്ത് കേരളം ശ്രദ്ധിച്ച ഏറ്റവും വലിയ കവര്‍ച്ചക്കേസുകളിലൊന്നാണ് ഗുരുവായൂരിലേത്. ഒരാള്‍ തനിച്ചെത്തി ഇത്രയധികം സ്വര്‍ണവും പണവും മിനിറ്റുകള്‍കൊണ്ട് കവര്‍ന്ന കേസ്. വിരലടയാളമടക്കമുള്ള ഒരു തെളിവും അവശേഷിപ്പിക്കാത്ത സംഭവമായതിനാല്‍ പ്രതിയെ പിടികൂടുകയെന്നത് പോലീസിന് വലിയ വെല്ലുവിളിതന്നെയായിരുന്നു.
പോലീസിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിയെ കണ്ടെത്താനായത്. ഉറക്കമൊഴിച്ചും വിശ്രമമില്ലാതെയും യാത്രകള്‍ ചെയ്തുള്ള അന്വേഷണം. പഴുതടച്ചുള്ള മുന്നേറ്റം.
ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷ്, സി.ഐ.മാരായ പി.കെ. മനോജ്കുമാര്‍, പ്രേമാനന്ദകൃഷ്ണന്‍, അമൃത് രംഗന്‍, എസ്.ഐ.മാരായ ജയപ്രദീപ്, കെ.എന്‍. സുകുമാരന്‍, പി.എസ്. അനില്‍കുമാര്‍, സുവ്രതകുമാര്‍, രാകേഷ്, റാഫി, എ.എസ്.ഐ. എം.ആര്‍. സജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ടി.വി. ജീവന്‍, പ്രദീപ്, കെ.സി. സജീവന്‍, എസ്. ശരത്, അശീഷ് കെ. സുമേഷ്, വി.പി. ജോയ്, എം. സുനീപ്, സി.എസ്. മിഥുന്‍, ജിന്‍സന്‍, വിപിന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here