നിഗൂഢതകൾ നിറഞ്ഞ ബെർമൂഡ ട്രയാംഗിളിലേക്ക് വിനോദയാത്ര പദ്ധതിയുമായി ഒരു ട്രാവൽ ഏജൻസി

0

നിഗൂഢതകൾ നിറഞ്ഞ ബെർമൂഡ ട്രയാംഗിളിലേക്ക് വിനോദയാത്ര പദ്ധതിയുമായി ഒരു ട്രാവൽ ഏജൻസി. ക്രൂയിസ് കപ്പലിൽ ഈ പ്രദേശം ചുറ്റിക്കറങ്ങാൻ യാത്രക്കാരെ ക്ഷണിച്ചിരിക്കുകയാണ്. കപ്പൽ അപ്രത്യക്ഷമായാൽ ട്രാവൽ ഏജൻസി യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും എന്നതാണ് ഓഫർ

ന്യൂയോർക്കിൽ നിന്ന് ബെർമുഡയിലേക്ക് പോകുന്ന നോർവീജിയൻ പ്രൈമ ലൈനറിൽ യാത്രക്കാർക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യാം. ബർമുഡ ട്രയാംഗിളിൽ കപ്പൽ അപ്രത്യക്ഷമായാൽ യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന വാഗ്ദാനവും കമ്പനി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളം സഞ്ചരിക്കുന്നതിനു പുറമേ, യാത്രക്കാർക്ക് വിമാനത്തിലെ സ്പീക്കർമാരുടെ സെഷനുകൾ കേൾക്കാനും കഴിയും. പത്രപ്രവർത്തകനും യുകെ പ്രതിരോധ മന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയുമായ നിക്ക് പോപ്പ് , പീറ്റർ റോബിൻസ്, എഴുത്തുകാരൻ നിക്ക് റെഡ്‌ഫേൺ തുടങ്ങിയ സ്പീക്കർമാരാണ് ആൻഷ്യന്റ് മിസ്റ്ററീസ് ക്രൂയിസിൽ ഉണ്ടാകുക. ഇതിനു പുറമെ ഗ്രൂപ്പ് ഷോർ എക്സ്‌കർഷനും സ്പീക്കർമാർക്കൊപ്പമുള്ള ആശയവിനിമയവും യാത്രക്കാർക്ക് നടത്താം. ട്രാവൽ ഏജൻസിയുടെ പുതിയ ക്രൂയിസ് യാത്രയ്ക്കായി ഒരാൾക്ക് ഏകദേശം 1,41,360 രൂപയാണ് (1450 പൗണ്ട്) ടിക്കറ്റ് നിരക്ക്.

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമൂഡ ട്രയാംഗിൾ . ഈ മേഖലയിൽ നിരവധി വിമാനങ്ങളും കപ്പലുകളും നിഗൂഢ സഹാചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഡെവിൾസ് ട്രയാംഗിൾ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ 5,00,000 കി.മീ സ്‌ക്വയർ പതിറ്റാണ്ടുകളായി പല ശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബർമുഡ ട്രയാംഗിൾ കടക്കുന്നതിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായതായാണ് റിപ്പോർട്ട്. സബ് സീ പിരമിഡുകളും ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങളും അന്യഗ്രഹ ബേസുകളും ഉൾപ്പെടെ നിരവധി കാരണങ്ങളും ഇതിനു വിശദീകരണമായി പറയുന്നുണ്ട്.

ഒരു പ്രത്യേക ഭൂഗുരുത്വബലം കൊണ്ട് കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്തുള്ള ഒരു ചുഴിയിലേക്ക് ആകർഷിക്കപ്പെടുകയാണെന്ന ശാസ്ത്രവാദവുമുണ്ടെങ്കിലും വിശദീകരണമില്ലാത്ത ഒരു ദുരൂഹതയായി ഇതിപ്പോഴും നില നിൽക്കുന്നു. എന്താണ് ഈ പ്രദേശത്തിന് പിന്നിലെ യഥാർത്ഥ സത്യമെന്നു ആർക്കും കണ്ടു പിടിക്കാനായിട്ടില്ല. ബെർമുഡ ട്രയാംഗിൾ എന്ന പേര് തന്നെ കൗതുകമാണ്. ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ എന്നീ പ്രദേശങ്ങൾ ഒരു കോണാകൃതിയിൽ സൃഷ്ടിച്ച സാങ്കല്പിക ത്രികോണത്തിനുള്ളിലെ പ്രദേശമാണ് ബെർമുഡ ട്രയാംഗിൾ എന്നറിയപ്പെടുന്നത്. വ്യോമ ഗതാഗതം പൂർണമായി നിരോധിക്കപ്പെട്ട മേഖലയാണിത്.

ഈ നിഗൂഢ പ്രദേശത്തെക്കുറിച്ച് ഏറ്റവും പുരാതനമായ വാദം ക്രിസ്റ്റഫർ കൊളംബസിന്റേതാണ്. യാത്രകളുടെ ഭാഗമായി ഈ പ്രദേശത്ത് എത്തിയപ്പോൾ, തീഗോളങ്ങൾ കടലിൽ വീഴുന്നതു കണ്ടു എന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചി ദിശയറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം പറയുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്ക് കാണതായ കപ്പലുകളും വിമാനങ്ങളും അനേകമാണ്. 1918-ൽ അമേരിക്കൻ നേവിയുടെ യുഎസ്എസ് സൈക്ലോപ്‌സ് എന്ന ചരക്കു കപ്പൽ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു എന്നാൽ എന്താണ് ഈ കപ്പലിന് സംഭവിച്ചത് എന്ന് ആർക്കും വ്യക്തമല്ല.കഴിഞ്ഞ നൂറ് വർഷത്തിനിടയ്ക്ക് അയിരത്തോളം ജീവനുകൾ ബെർമുഡ ട്രയാംഗിൾ എടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

കാണാതായ ഫ്ലൈറ്റ് 19 എന്ന വിമാനത്തെ അന്വേഷിച്ചു പോയ അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങളും ഈ പ്രദേശത്ത് വച്ച് കാണാതായിട്ടുണ്ട്. കാന്തികശക്തി ഈ മേഖലയിൽ വളരെ കൂടുതലാണ് എന്നതാണ് ബെർമുഡ ട്രയാംഗിളിനെപ്പറ്റി പ്രധാനമായും പറയപ്പെടുന്നത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുന്ന മീഥേൻ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് ബെർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കാരണമെന്നും പറയപ്പെടുന്നുണ്ട്.
അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരൾച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കപ്പൽ യാത്രികളെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണിത്.

അഞ്ചുലക്ഷത്തോളം ചതുരശ്ര മൈൽ വിസ്താരത്തിൽ പടർന്നുകിടക്കുന്ന സാങ്കൽപ്പിക ത്രികോണാകൃതിയിലുള്ള ഈ ജലപ്പരപ്പിനെ സംബന്ധിച്ചപഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ബെർമൂഡ ട്രയാംഗിളിനോട് ചേർന്നുള്ള വലയത്തിൽ അകപ്പെട്ടിട്ട് പുറത്ത് വന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റ് മാത്രമാണ്. അതിസാഹസികമായി വിമാനവുമായി കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്ത് കടന്ന ബറൂസിനും പക്ഷെ എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്ന് പറയാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here