എ.ആര്‍. ക്യാമ്പ്‌ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും രണ്ടുമക്കളും മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

0

ആലപ്പുഴ: എ.ആര്‍. ക്യാമ്പ്‌ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും രണ്ടുമക്കളും മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി എയ്‌ഡ്‌ പോസ്‌റ്റിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ ആലപ്പുഴ സക്കറിയ വാര്‍ഡ്‌ നവാസ്‌ മന്‍സിലില്‍ റെനീസിനെ(32)യാണു സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സ്‌ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. റെനീസിന്റെ ഭാര്യ നജ്‌ല (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്‌), മലാല (ഒന്നേകാല്‍) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കൊല്ലം ചന്ദനത്തോപ്പ്‌ കേരളപുരം നഫ്‌ല മാന്‍സിലില്‍ (കുഴിയില്‍ വീട്‌) പരേതനായ ഷാജഹാന്റെയും ലൈലാ ബീവിയുടെയും മകളാണ്‌ നജ്‌ല.
മൂത്തമകന്‍ ടിപ്പു സുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍മുറുക്കിയും ഒന്നേകാല്‍ വയസുള്ള മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ജോലിക്കുപോയ ഭര്‍ത്താവ്‌ ചൊവ്വാഴ്‌ച രാവിലെ 9.30ന്‌ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി വിളിച്ചുനോക്കിയിട്ടും കതക്‌ തുറന്നിരുന്നില്ല. തുടര്‍ന്ന്‌ അഗ്‌നിരക്ഷാ സേനയെത്തി വാതില്‍ തകര്‍ത്ത്‌ അകത്തുകടന്നപ്പോഴാണ്‌ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്‌. സമീപത്തെ മുറികളില്‍ താമസിക്കുന്നവരും അപ്പോഴാണ്‌ കൂട്ടമരണമറിഞ്ഞത്‌. റെനീസും നജ്‌ലയും തമ്മില്‍ വഴക്ക്‌ പതിവായിരുന്നെന്ന്‌ അയല്‍ക്കാര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെ ചൊല്ലിയാണ്‌ തര്‍ക്കമുണ്ടായിരുന്നത്‌. ഇയാള്‍ക്ക്‌ ബന്ധുവായ ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നതായും നജ്‌ലയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
ഈ യുവതിയെ പോലീസ്‌ ചോദ്യം ചെയ്യും. ജോലിയില്‍നിന്ന്‌ അവധിയെടുത്ത്‌ വിദേശത്തും തിരികെ വന്ന്‌ പോലീസിലും ജോലി ചെയ്‌തിരുന്ന റനീസ്‌ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്നാണ്‌ ആക്ഷേപം. ഉപദ്രവം അസഹനീയമായപ്പോള്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ മുന്നിലും നജ്‌ല പരാതിയുമായി എത്തിയിരുന്നു. മാനസികവും ശാരീരികവുമായ പീഢനമാണ്‌ സംഭവത്തിലേക്ക്‌ നയിച്ചതെന്നാണ്‌ യുവതിയുടെ ബന്ധുക്കളുടെ പരാതി.

നജ്‌ലയ്‌ക്കും മക്കള്‍ക്കും കണ്ണീരോടെ വിട

ആലപ്പുഴ: മധ്യേ നജ്‌ലയുടെ മൃതദേഹം..ഇരുവശങ്ങളിലുമായി ടിപ്പുവും മലാലയും… ആലപ്പുഴ പടിഞ്ഞാറേ ശാഫി ജുമാ മസ്‌ജിദില്‍ കബറടക്കത്തിനായി മൃതദേഹങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കണ്ടു നിന്നവര്‍ക്കൊന്നും കണ്ണീരടക്കാനായില്ല.
മയ്യത്ത്‌ നിസ്‌കാരത്തിലും കബറടക്ക്‌ ചടങ്ങിലും പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ്‌ പള്ളിയിലേക്ക്‌ എത്തിയത്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ഇന്നലെ ഉച്ചയോടെയാണ്‌ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here