എക്‌സൈസ്‌ പരിശോധനയില്‍ വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷ്‌ണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍

0

മാവേലിക്കര: എക്‌സൈസ്‌ പരിശോധനയില്‍ വന്യജീവികളുടെ നഖങ്ങളും ചന്ദന മരക്കഷ്‌ണങ്ങളുമായി യുവാവ്‌ അറസ്‌റ്റില്‍. ചെറുകുന്നം ചെമ്പള്ളി വീട്ടില്‍ വിഷ്‌ണു(27)വാണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ ലഹരി വസ്‌തുക്കളുടെ ഉപയോഗവും വില്‍പനയും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ വന്യജീവികളുടെ തോലോട്‌ കൂടിയ നഖങ്ങളും ചന്ദനമരത്തിന്റെ കഷ്‌ണങ്ങളും കണ്ടെത്തിയത്‌. ചാരുംമൂട്‌ സ്വദേശിയായ വിഷ്‌ണു കഴിഞ്ഞ രണ്ടു വര്‍ഷമായി അമ്മയോടൊപ്പം ചെറുകുന്നത്ത്‌ വാടകവീട്ടിലാണ്‌ താമസം. ഒരാഴ്‌ചയോളം ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌. കണ്ടെത്തിയ നഖങ്ങളും തോലും പുലിയുടേതാണെന്നും ഇവ ചെങ്ങന്നൂര്‍ ബസ്‌ സ്‌റ്റാന്‍ഡിന്റെ പരിസരത്ത്‌ നിന്നും വാങ്ങിയതാണെന്നും വിഷ്‌ണു എക്‌സൈസ്‌ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞു. വിഷ്‌ണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ റാന്നി ഫോറസ്‌റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വൈകിട്ട്‌ നാലു മണിയോടെ കരികുളം സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ എസ്‌.സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി നഖങ്ങളും തോലും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ഇവ പുലിയുടേതല്ലെന്ന്‌ സ്‌ഥിരീകരിച്ചു. എന്നാല്‍ കണ്ടെത്തിയ തോലും നഖങ്ങളും വന്യജീവികളുടേതാണെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
വിശദമായ പരിശോധനയ്‌ക്കായി ഇവ തിരുവനന്തപുരത്തെ ലാബില്‍ അയക്കുമെന്ന്‌ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത്തരം വസ്‌തുക്കള്‍ കൈവശം വച്ചതിനാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.
ഇയാളെ ഇന്ന്‌ റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. സി.ഇ.ഒമാരായ ഷിബു.പി.യു, പ്രവീണ്‍, അശ്വിന്‍.എസ്‌.കെ, പ്രതീഷ്‌.പി.നായര്‍, വിഷ്‌ണുദാസ്‌, സനല്‍സിബിരാജ്‌, ആര്‍.രണദിവെ, വനിതാ സി.ഇ.ഒ സുലേഖ, ഡ്രൈവര്‍ ജ്യോതിഷ്‌ എന്നിവരും റാന്നി ഫോറസ്‌റ്റ് റേഞ്ചിലെ കരികുളം സ്‌റ്റേഷന്‍ ബി.എഫ്‌.ഒ: അനീഷ്‌കുമാര്‍, ഡബ്ല്യു.ബി.എഫ്‌.ഒ: പി.ദേവിക, സജി.പി.ആര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here