കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം. പള്ളിപ്പാട്‌ അന്തരിച്ചു

0

ഹരിപ്പാട്‌: കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം. പള്ളിപ്പാട്‌(47) അന്തരിച്ചു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.
പള്ളിപ്പാട്‌ കോനുമഠം കൂലിത്തറ വീട്ടില്‍ പരേതരായ മയിലന്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ്‌. 1991 മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും യാത്ര ചെയ്‌ത്‌ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.
2009 ല്‍ പുറത്തിറങ്ങിയ പാലറ്റാണ്‌ ആദ്യ കവിതാ സമാഹാരം. അവര്‍ കുഞ്ഞിനെ തേടുമ്പോള്‍, തമിഴ്‌ കവി എന്‍.ഡി.രാജ്‌കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍, ഒലിക്കാതെ ഇളവേനല്‍ എന്ന ഇലങ്കന്‍ പെണ്‍ കവിതകള്‍ എന്നിവയാണ്‌ മറ്റു സമാഹാരങ്ങള്‍. സി.സി.ചെല്ലപ്പയുടെ ജെല്ലിക്കെട്ട്‌ എന്ന നോവല്‍ രാജ്‌കുമാറുമൊത്ത്‌ മലയാളത്തിലേക്ക്‌ മൊഴിമാറ്റി.
സ്‌കൂളിനെ കുറിച്ചുള്ള ബിനുവിന്റെ കവിതയായ വാട്ടര്‍ കളര്‍ എം.ജി സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലുണ്ടായിരുന്നു. കേരള, മദ്രാസ്‌ സര്‍വകലാശാലകളും അദ്ദേഹത്തിന്റെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല പുറത്തിറക്കിയ സൗത്ത്‌ ഇന്ത്യന്‍ ദളിത്‌ ആന്തോളജിയിലും ബിനു.എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചിരുന്നു. കുമളിയിലെ സ്‌റ്റാര്‍ ഹോട്ടലില്‍ സംഗീതജ്‌ഞനായി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ: കെ.ആര്‍. അമ്പിളി. സംസ്‌കാരം ഇന്ന്‌ രാവിലെ 11 ന്‌ പള്ളിപ്പാട്ടെ വീട്ടില്‍.

LEAVE A REPLY

Please enter your comment!
Please enter your name here