ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ 29 റണ്ണിന്റെ തകര്‍പ്പന്‍ ജയം

0

മുംബൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ 29 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത അവര്‍ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 144 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് 115 റണ്ണിന്‌ ഓള്‍ഔട്ടായി.
നാല്‌ വിക്കറ്റെടുത്ത കുല്‍ദീപ്‌ സെന്നും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത ആര്‍. അശ്വിനുമാണ്‌ ആര്‍.സി.ബിയെ തകര്‍ത്തത്‌. നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ (21 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 23), രജത്‌ പാടീദാര്‍ (16), ഷാബാസ്‌ അഹമ്മദ്‌ (17), വാനിന്ദു ഹസരങ്ക (18) എന്നിവര്‍ മാത്രമാണു ചെറുത്തത്‌. ഓപ്പണറായി ഇറങ്ങിയ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി (10 പന്തില്‍ ഒന്‍പത്‌) നിരാശപ്പെടുത്തി. ഗ്ലെന്‍ മാക്‌സ്വെല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി.
ഫോമിലേക്കെത്തിയ റയാന്‍ പരാഗ്‌ (31 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 56) നേടിയ അര്‍ധ സെഞ്ചുറിയാണു രാജസ്‌ഥാനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. നായകനും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണ്‍ (21 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 27), ആര്‍. അശ്വിന്‍ (ഒന്‍പത്‌ പന്തില്‍ 17), ഡാരില്‍ മിച്ചല്‍ (24 പന്തില്‍ 16) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്‌.
അശ്വിനെ മൂന്നാമനായി സഞ്‌ജുവിനു മുമ്പില്‍ കയറ്റിവിട്ട നീക്കം പാളി. 15-ാം സീസണിലെ ടോപ്‌ സ്‌കോറര്‍ ഓപ്പണര്‍ ജോസ്‌ ബട്ട്‌ലര്‍ക്കും (ഒന്‍പത്‌ പന്തില്‍ എട്ട്‌) മലയാളി താരം ദേവദത്ത്‌ പടിക്കലിനും (ഏഴ്‌ പന്തില്‍ ഏഴ്‌) പിടിച്ചു നില്‍ക്കാനായില്ല. ജോഷ്‌ ഹാസില്‍വുഡ്‌ ബട്ട്‌ലറിനെ മടക്കിയപ്പോള്‍ പടിക്കലിനെയും അശ്വിനെയും മുഹമ്മദ്‌ സിറാജ്‌ പറഞ്ഞുവിട്ടു. ബട്ട്‌്ലര്‍ പുറത്തായപ്പോള്‍ രാജസ്‌ഥാന്‍ മൂന്നിന്‌ 33 എന്ന നിലയിലേക്ക്‌ വീണു. സഞ്‌ജു ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച്‌ സ്‌കോര്‍ മുന്നോട്ട്‌ നയിച്ചുവെങ്കിലും താരത്തെ വാനിന്ദു ഹസരംഗ പുറത്താക്കി. സഞ്‌ജുവും മിച്ചലും ചേര്‍ന്ന്‌ 35 റണ്‍ നേടി.
റോയല്‍സ്‌ ഷിംറോണ്‍ ഹിറ്റ്‌മീറിനു മുന്നേ പരാഗിനെ ഇറക്കി. ഇരുവരും കരുതലോടെ സ്‌കോര്‍ നീക്കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ 31 റണ്‍ പിറന്നു. പരാഗ്‌ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറും അടക്കം 18 റണ്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here