ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി

0

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സ്‌ മുംബൈ ഇന്ത്യന്‍സിനെ 23 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സ്‌ ഇംഗ്ലണ്ട്‌ താരം ജോസ്‌ ബട്ട്‌ലറുടെ സെഞ്ചുറി (68 പന്തില്‍ അഞ്ച്‌ സിക്‌സറും 11 ഫോറുമടക്കം 100) മികവില്‍ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 193 റണ്ണെടുത്തു. മുംബൈയുടെ പോരാട്ടം എട്ടിന്‌ 170 എന്ന നിലയില്‍ ഒതുങ്ങി.
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച രാജസ്‌ഥാന്‍ റോയല്‍സ്‌ നാല്‌ പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്‌. മുന്‍ ചാമ്പ്യന്‍മാരായ മുംബൈക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനും 15-ാം സീസണില്‍ ഇതുവരെ ജയിക്കാനായില്ല.
തിലക്‌ വര്‍മയും (33 പന്തില്‍ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 61) ഇഷാന്‍ കിഷനും (43 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 54) ചേര്‍ന്നു മുംബൈയെ ജയത്തിലേക്ക്‌ നയിക്കുമെന്ന പ്രതീതിയുണ്ടാക്കി. ആര്‍. അശ്വിനും യുസ്‌വേന്ദ്ര ചാഹാലും നിര്‍ണായക വിക്കറ്റുകളുമായി രാജസ്‌ഥാനെ ജയത്തിലേക്കു നയിച്ചു. നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മയെയും (അഞ്ച്‌ പന്തില്‍ 10) അന്‍മോല്‍പ്രീത്‌ സിങ്ങിനെയും (നാല്‌ പന്തില്‍ അഞ്ച്‌) തുടക്കത്തിലേ നഷ്‌ടമായ മുംബൈയെ ഇഷാനും തിലകും ചേര്‍ന്നാണ്‌ നയിച്ചത്‌. ഇഷാന്‍ പുറത്താകുമ്പോള്‍ മുംബൈക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്‌ ഏഴ്‌ ഓവറില്‍ 73 റണ്ണായിരുന്നു. ഈ കൂട്ടുകെട്ട്‌ മൂന്നാം വിക്കറ്റില്‍ 81 റണ്‍ നേടി.
ട്രെന്റ്‌ ബോള്‍ട്ടാണ്‌ ഇഷാനെ പുറത്താക്കിയത്‌. തകര്‍പ്പന്‍ ബാറ്റിങ്‌ തുടര്‍ന്ന തിലക്‌ അശ്വിനെ സിക്‌സറടിച്ചതിനു പിന്നാലെ ബൗള്‍ഡായി. മത്സരം അവസാന അഞ്ച്‌ ഓവറിലേക്ക്‌ കടന്നപ്പോള്‍ മുംബൈ നേടേണ്ടിയിരുന്നത്‌ 58 റണ്ണായിരുന്നു. അടുത്ത ഓവറില്‍ ടിം ഡേവിഡിനെയും ഡാനിയേല്‍ സാംസിനെയും പുറത്താക്കി ചാഹാല്‍ മുംബൈയെ കുടുക്കി. അടുത്ത പന്തില്‍ മുരുഗന്‍ അശ്വിനെ വീഴ്‌ത്തി ചാഹാലിന്‌ ഹാട്രിക്കിന്‌ അവസരം ലഭിച്ചെങ്കിലും പകരക്കാരന്‍ ഫീല്‍ഡര്‍ കരുണ്‍ നായര്‍ കൈവിട്ടു.
19-ാം ഓവറില്‍ കെയ്‌റോണ്‍ പൊള്ളാഡിനും (24 പന്തില്‍ 22) ജീവന്‍ ലഭിച്ചെങ്കിലും മുംബൈ ജയത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ മുംബൈയുടെ ലക്ഷ്യം 29 റണ്ണായിരുന്നു. രാജസ്‌ഥാനു വേണ്ടി നവദീപ്‌ സെയ്‌നി, ചാഹാല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ബോള്‍ട്ട്‌, പ്രസിദ്ധ കൃഷ്‌ണ, ആര്‍. അശ്വിന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ടോസ്‌ നേടിയ രോഹിത്‌ ശര്‍മ രാജസ്‌ഥാനെ ബാറ്റിങ്ങിനു വിട്ടു. ജോസ്‌ ബട്ട്‌ലറുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ഷിംറോണ്‍ ഹിറ്റ്‌മീറിന്റെയും (14 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35) നായകനും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണിന്റെയും (21 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 30) വെടിക്കെട്ടും നടന്നു. പവര്‍പ്ലേയില്‍ ബട്ട്‌ലര്‍ തകര്‍ത്തടിച്ചു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒരു റണ്ണുമായി മടങ്ങുമ്പോള്‍ രാജസ്‌ഥാന്റെ സ്‌കോര്‍ 13 ലെത്തിയിരുന്നു.
മലയാളി പേസര്‍ ബേസില്‍ തമ്പിയാണ്‌ ബട്ട്‌ലറുടെ ചൂട്‌ ഏറ്റവും അറിഞ്ഞത്‌്. ബേസില്‍ ഒരോവറില്‍ 26 റണ്ണാണു വിട്ടുകൊടുത്തത്‌. യശസ്വിയെയും ദേവ്‌ദത്ത്‌ പടിക്കലിനെയും (ഏഴ്‌ പന്തില്‍ ഏഴ്‌) നഷ്‌ടമായെങ്കിലും ബട്ട്‌ലര്‍ അടിച്ചു തകര്‍ത്തു. പത്തോവറില്‍ 87 റണ്ണാണ്‌ രാജസ്‌ഥാന്‍ നേടിയത്‌. ബട്ട്‌ലര്‍ -സഞ്‌ജു കൂട്ടുകെട്ട്‌ 50 പന്തില്‍ 82 റണ്‍ നേടി. പൊള്ളാഡ്‌ സഞ്‌ജുവിനെ പുറത്താക്കി. പൊള്ളാഡ്‌ എറിഞ്ഞ 17-ാം ഓവറില്‍ 26 റണ്‍ പിറന്നു. 53 റണ്ണാണ്‌ ഹിറ്റ്‌മീര്‍ – ബട്ട്‌്ലര്‍ കൂട്ടുകെട്ട്‌ നേടിയത്‌.
32 പന്തില്‍ 50 റണ്ണെടുത്ത ബട്ട്‌ലര്‍ 66 പന്തിലാണു സെഞ്ചുറിയടിച്ചത്‌. ഇംഗ്ലണ്ട്‌ താരത്തിന്റെ ഐ.പി.എല്ലിലെ രണ്ടാമത്തെ സെഞ്ചുറിയാണ്‌. 15-ാം സീസണിലെ ആദ്യ സെഞ്ചുറിയും കൂടിയാണിത്‌. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ബട്ട്‌ലര്‍ സെഞ്ചുറിയടിച്ചത്‌.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയെന്ന ”നേട്ടവും” ബട്ട്‌ലര്‍ കുറിച്ചു. രണ്ടു പേര്‍ കൂടി 66 പന്തുകളില്‍ സെഞ്ചുറിയടിച്ചിട്ടുണ്ട്‌. 2011 ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിനായി സച്ചിന്‍ തെണ്ടുല്‍ക്കറും 2010 ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡേവിഡ്‌ വാര്‍ണറുമാണ്‌ 66 പന്തുകളില്‍ സെഞ്ചുറിയടിച്ചത്‌.
ടൂര്‍ണമെന്റിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി ഇന്ത്യന്‍ താരം മനീഷ്‌ പാണ്ഡെയ്‌ക്ക് അവകാശപ്പട്ടതാണ്‌. 2009 ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയാണ്‌ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 67 പന്തുകളിലാണു പാണ്ഡെ സെഞ്ചുറിയടിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here