സില്‍വര്‍ലൈന്‍ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോയെന്നു വ്യക്‌തമാക്കണമെന്നു ഹൈക്കോടതി

0

കൊച്ചി: സില്‍വര്‍ലൈന്‍ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോയെന്നു വ്യക്‌തമാക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്‌തികളുടെ വസ്‌തുവില്‍ കല്ലിടുന്നതിനു മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാറുണ്ടോയെന്ന കാര്യത്തിലും സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്‌തത വരുത്തണമെന്നു കോടതി ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനത്തെ ഭയപ്പെടുത്തുകയാണ്‌. സര്‍വേയുടെ പേരില്‍ വലിയ കല്ലുകള്‍ സ്‌ഥാപിക്കുന്നതാണ്‌ പ്രശ്‌നം. ഇത്തരം കല്ലുകള്‍ കണ്ടാല്‍ ഭൂമിയ്‌ക്ക്‌ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേയെന്നും കോടതി ആരാഞ്ഞു. എന്നാല്‍ പദ്ധതിയ്‌ക്കായി വിജ്‌ഞാപനം ചെയ്‌ത ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാനും സര്‍വേ നടത്താനും സ്വകാര്യ ഭൂമിയില്‍ കയറാന്‍ അധികാരമുണ്ടെന്ന്‌ കെ-റെയില്‍ അധികൃതര്‍ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സര്‍വേ നടത്തുന്നത്‌.
പോലീസ്‌ എത്തിയത്‌ സര്‍വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്‌. പല സ്‌ഥലത്തും പ്രതിഷേധക്കാര്‍ ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട്‌ വരുത്തുകയും ചെയ്‌തെന്ന്‌ കെ-റെയില്‍ അധികൃതര്‍ വിശദീകരിച്ചു. ഹര്‍ജി വേനലവധിക്ക്‌ ശേഷം പരിഗണിക്കാനായി മാറ്റി. ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി പരിഗണിച്ചത്‌

LEAVE A REPLY

Please enter your comment!
Please enter your name here