സഹകരണ ബാങ്കുകളിലെ തട്ടിപ്പില്‍ ഹൈക്കോടതി,”പ്രതികളുടെ വസ്‌തുവകകള്‍ ജപ്‌തി ചെയ്യാന്‍ നിയമ നടപടി ആവിഷ്‌ക്കരിക്കണം”

0

കൊച്ചി: സഹകരണ ബാങ്കുകളില്‍ തട്ടിപ്പും ക്രമക്കേടും കണ്ടെത്തുന്ന കേസുകളില്‍ പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും വസ്‌തുവകകള്‍ ജപ്‌തി ചെയ്യാന്‍ വേണ്ട നിയമ നടപടി ആവിഷ്‌ക്കരിക്കണമെന്ന്‌ ഹൈക്കോടതി.
മാവേലിക്കര താലൂക്ക്‌ സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്‌ നടത്തിയ പ്രതികള്‍ അടുത്ത ബന്ധുക്കളുടെ പേരില്‍ വ്യാപകമായി വസ്‌തുക്കള്‍ വാങ്ങിയതായി കണ്ടെത്തിയെന്ന ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ജസ്‌റ്റിസ്‌ സുനില്‍ തോമസിന്റെ ഉത്തരവ്‌. പ്രതികളും ബന്ധുക്കളും ഇത്തരത്തില്‍ വാങ്ങികൂട്ടിയ ഭൂമി ജപ്‌തി ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ്‌ കോടതിയില്‍ ക്രൈംബ്രാഞ്ച്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ ബോധിപ്പിച്ചു. ഒന്നാംപ്രതിയും ബാങ്കിന്റെ തഴക്കര ബ്രാഞ്ച്‌ മാനേജരുമായ ജ്യോതി മധുവിന്റെയും ബന്ധുക്കളുടെയും പേരില്‍ 18 ഏക്കര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്‌.

ബാങ്ക്‌ മുന്‍ പ്രസിഡന്റിന്റെയും ബന്ധുക്കളുടെയും പേരില്‍ 111 അക്കൗണ്ടുകള്‍ ഉള്ളതായും അന്വേഷണസംഘം കണ്ടെത്തി. 1.97 കോടി രൂപ കണ്ടെത്തിയ ബ്രാഞ്ച്‌ മാനേജരുടെ അക്കൗണ്ട്‌ പോലീസ്‌ മരവിപ്പിച്ചു. മുന്‍ ഭരണസമിതി അംഗങ്ങളെയും ബാങ്കിന്‌ സോഫ്‌റ്റ്‌ വെയര്‍ നല്‍കിയ വ്യക്‌തിയെയും കേസില്‍ പ്രതിചേര്‍ത്തതായി ക്രൈംബ്രാഞ്ച്‌ എസ്‌.പി പ്രശാന്തന്‍ കാണി കോടതിയെ അറിയിച്ചു. 2020 ല്‍ തന്നെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും കോടതിയെ അറിയിച്ചു. ഇ.ഡിക്ക്‌ ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ സഹകരണ വകുപ്പിനും ക്രൈംബ്രാഞ്ചിനും കോടതി നിര്‍ദേശം നല്‍കി. സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയ പ്രതികളുടെ ബന്ധുക്കളെയും കേസില്‍ പ്രതികളാക്കണമെന്നും കോടതി ക്രൈംബ്രാഞ്ചിന്‌ നിര്‍ദേശം നല്‍കി. ഇ.ഡിക്കും കേസില്‍ അന്വേഷണം തുടരാം. വ്യാജരേഖകള്‍ ചമച്ച്‌ തഴക്കര ബ്രാഞ്ചില്‍ നിന്ന്‌ 20 കോടി രൂപയാണ്‌ തട്ടിയത്‌.
ബ്രാഞ്ച്‌ മനേജരായിരുന്ന ജ്യോതി മധു, ജീവനക്കാരായ ബിന്ദു ജി.നായര്‍, കുട്ടി സീമ ശിവ എന്നിവരും മുന്‍ ഭരണ സമിതി അംഗങ്ങളും പ്രസിഡന്റുമടക്കം 17 പേരെയാണ്‌ പോലീസ്‌ പ്രതി ചേര്‍ത്തിട്ടുള്ളത്‌. ബാങ്കിലെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്‌. സ്‌ഥിരം നിക്ഷേപം തിരികെ കിട്ടാതെ വന്നതിനെത്തുടര്‍ന്ന്‌ നിക്ഷേപകര്‍ ഹൈക്കോടതിയെ സമിപിച്ചിരുന്നു. നിക്ഷേപം തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Leave a Reply