തക്കാളിക്കും ചെറിയ ഉള്ളിക്കും തമിഴ്‌നാട്ടില്‍ വന്‍ വിലക്കുറവ്‌

0

മറയൂര്‍: തക്കാളിക്കും ചെറിയ ഉള്ളിക്കും തമിഴ്‌നാട്ടില്‍ വന്‍ വിലക്കുറവ്‌. ചന്തകളില്‍ ഒരു കിലോ തക്കാളി അഞ്ചുരൂപയില്‍ താഴെ വില്‍പന നടത്തുമ്പോള്‍ ചെറിയ ഉള്ളി കിലോയ്‌ക്ക്‌ 10 രൂപ മാത്രം. ഉദുമല്‍പേട്ട, പഴനി, ഒട്ടംചത്രം കുമാരലിംഗം കൊളുമം, കുടിമംഗലം മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യുന്നത്‌. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ്‌ ലോക്ക്‌ഡൗണ്‍ മൂലം ഉല്‍പാദിപ്പിച്ച പച്ചക്കറി വിറ്റഴിക്കാന്‍ സാധിക്കാതിരുന്നത്‌ വന്‍ സാമ്പത്തിക നഷ്‌ടത്തിനിടയാക്കി. മൂന്നു മാസം മുന്‍പ്‌ മുതല്‍ ഭാഗികമായി ലോക്‌ഡോണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ കൃഷി പാടങ്ങളിലെല്ലാം വീണ്ടും കൂടുതല്‍ കൃഷി ഇറക്കി തുടങ്ങി.
ഈ വിളകള്‍ പാകമായതിനു പിന്നാലെ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും തക്കാളിയും ചെറിയ ഉള്ളിയും തമിഴ്‌നാട്ടിലേക്ക്‌ എത്തിത്തുടങ്ങി. ഇതോടെ വിളകളുടെ വില കുറയാന്‍ തുടങ്ങിയെന്നു കര്‍ഷകര്‍ പറയുന്നു. ഉദുമല്‍പേട്ട മൊത്ത വ്യാപാരച്ചന്തയില്‍ 15 കിലോ ഉള്‍ക്കൊള്ളുന്ന ഒരു പെട്ടി തക്കാളി 60 മുതല്‍ 90 രൂപ വരെയാണ്‌ വില്‍പന നടത്തുന്നത്‌. ചെറിയ ഉള്ളി കിലോ 10 മുതല്‍ 15 രൂപ. ചില്ലറ വിപണിയില്‍ തക്കാളി അഞ്ചു മുതല്‍ എട്ടു രൂപ വരെയും ചെറിയ ഉള്ളി 15 രൂപ മുതല്‍ 20 രൂപ വരെയുമാണ്‌ വില്‍പന നടക്കുന്നത്‌. അതിര്‍ത്തി കടക്കുമ്പോള്‍ മറയൂരില്‍ നാല്‌ കിലോ ചെറിയ ഉള്ളി 100 രൂപയ്‌ക്കും തക്കാളി 10 മുതല്‍ 15 രൂപയാണ്‌ വില. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ കേരളത്തില്‍നിന്ന്‌ വ്യാപാരികള്‍ എത്താത്തതിനാല്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും കര്‍ഷകര്‍ക്ക്‌ വന്‍ സാമ്പത്തിക നഷ്‌ടമാണ്‌ ഉണ്ടാക്കിയിരിക്കിയത്‌.

Leave a Reply