1700 വർഷം പഴക്കമുള്ള ഭീമൻ ചെരുപ്പ്; നോർവെ പർവതത്തിൽ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ; പഠനം പറയുന്നത്…

0

നോർവെയിലെ ഒപ്പോലാൻഡിലുള്ള ഹോഴ്സ് ഐസ് പാച്ച് എന്ന മേഖലയിൽ മഞ്ഞുപുതച്ച ഒരു പർവതത്തിനു മുകളിൽ നിന്നു വിചിത്രമായ ചെരിപ്പ് കണ്ടെത്തുകയുണ്ടായി. റേഡിയോ കാർബൺ ഡേറ്റിങ് പ്രക്രിയയ്ക്കു വിധേയമാക്കിയപ്പോൾ ചെരിപ്പ് 1700 വര്ഷം പഴക്കമുള്ളതാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത് . സ്കാൻഡിനേവിയൻ രാജ്യമായ നോർവേയിൽ പഴയകാലത്ത് ആളുകൾ എങ്ങനെ സഞ്ചരിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണു ചെരിപ്പിൽ നിന്നു ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

പർവതത്തിനു സമീപത്തുകൂടി പോയ ഒരു നാട്ടുകാരനാണു മഞ്ഞിൽനിന്ന് അൽപം തലനീട്ടിയ നിലയിൽ ചെരിപ്പ് ആദ്യം കണ്ടെത്തിയത്. ഇതെത്തുടർന്ന് അദ്ദേഹം ചെരിപ്പിന്റെ ചിത്രങ്ങളെടുക്കുകയും സീക്രട്സ് ഓഫ് ദ ഐസ് എന്ന പര്യവേക്ഷക സന്നദ്ധ സംഘടനയെ വിവരം അറിയിക്കുകയും ചെയ്തു. നോർവെയിൽ നിന്നു വർഷങ്ങൾ പഴക്കമുള്ള പല ചരിത്രവസ്തുക്കളും കണ്ടെത്തിയിട്ടുള്ള സംഘടനയാണു സീക്രട്സ് ഓഫ് ദ ഐസ്.

നാട്ടുകാരൻ എടുത്ത ചിത്രങ്ങളും അദ്ദേഹം തയാറാക്കിയ സന്ദേശവും ലഭിച്ച ശേഷം സംഘടനയുടെ പ്രവർത്തകർ അങ്ങോട്ടേക്കു വന്നു ചെരിപ്പ് എടുക്കുകയും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ മഞ്ഞിൽ സംരക്ഷിക്കപ്പെട്ട നിലയിൽ ചരിത്രാതീത കാലത്തെ ഉണങ്ങിയ കുതിരച്ചാണകം, അമ്പുകൾ, തുണിത്തരങ്ങൾ എന്നിവയും കണ്ടെത്തി.

ഇന്നത്തെ കാലത്തെ 9 സൈസുള്ള ചെരിപ്പുകളുടെ വലുപ്പമുള്ള ഈ പ്രാചീന ചെരിപ്പ് നിർമിച്ചിരിക്കുന്നത് ലെതർ കൊണ്ടാണ്. അക്കാലത്തെ പ്രബല ശക്തിയായിരുന്ന റോമൻ സാമ്രാജ്യത്തിലെ പാദരക്ഷാ നിർമാണ ശൈലിയാണ് ഈ ചെരിപ്പിന്റെ കാര്യത്തിലും അവലംബിച്ചിരിക്കുന്നത്. തണുപ്പിൽ നിന്നു രക്ഷ നേടാനായി ചെരിപ്പിനകത്ത് മൃഗത്തോലോ തുണിയോ വച്ചിരുന്നു എന്നും അഭിപ്രായമുണ്ട്. ആദിമകാലത്ത് നോർവെയും റോമൻ സാമ്രാജ്യവും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നെന്നും ഹോഴ്സ് ഐസ് പാച്ച് നോർവെയിൽ നിന്നു റോമിലേക്കുള്ള സഞ്ചാരപാതയിലെ ഒരു പ്രധാന കേന്ദ്രമായിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഐസിനുള്ളിൽ മനുഷ്യശരീരങ്ങളുടെ ഉൾപ്പെടെ ചരിത്രാതീത ശേഷിപ്പുകൾ മറഞ്ഞിരിക്കാറുണ്ട്. ആൽപ്സ് പർവതനിരകളിൽ നിന്നു കണ്ടെത്തിയ ഓറ്റ്സി എന്ന പ്രാചീന മനുഷ്യന്റെ ശരീരമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യശരീരങ്ങൾ കൂടാതെ ചത്ത മൃഗങ്ങൾ, ആയുധങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയൊക്കെ ഐസിൽ നിന്നു കിട്ടിയിട്ടുണ്ട്. ഒരു വിദൂരഭൂതകാലത്ത് മനുഷ്യർ എങ്ങനെ ജീവിച്ചിരുന്നെന്നും അവരുടെ ശീലങ്ങൾ എന്തൊക്കെയായിരുന്നെന്നുമൊക്കെ ചരിത്രകാരൻമാർക്കു വിവരങ്ങൾ നൽകുന്നവയാണ് മഞ്ഞിൽ നിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വസ്തുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here