തൊട്ടാൽ പൊള്ളും; കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുട്ട് യുവതി

0

കൊടും ചൂടിൽ വലയുകയാണ് ജനങ്ങൾ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നതായാണ് കാലാവസ്ഥ റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ താപതരംഗം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള വിവരം. ഒഡിഷയിലെ സ്ഥിതിയും വിപരീതമല്ല. താപതരംഗത്തിന്റെ ശക്തി മൂലം തുറസ്സായ ഇടങ്ങളിൽ സ്റ്റൗവ് പോലും ഉപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാവുന്ന അവസ്ഥയാണുള്ളത്.

ഇത് തെളിയിച്ച് കാണിച്ചിരിക്കുകയാണ് ഒരു യുവതി. ഒഡിഷയിലെ സോനെപൂർ സ്വദേശിനിയായ യുവതി, തുറസായ സ്ഥലത്ത് നിന്ന് കാറിന്റെ ബോണറ്റിനു മുകളിൽ ചപ്പാത്തി ചുട്ടെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവിൽ എന്നപോലെ നിമിഷങ്ങൾക്കകം ബോണറ്റിന് മുകളിൽവച്ച് ചുട്ടെടുക്കുന്നത് വീഡിയോയിൽ കാണാം. താപതരംഗത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

കൊടുംചൂട് മൂലം ഒഡിഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താൽക്കാലിക അവധി നൽകിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. മെയ് രണ്ടു വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഭുവനേശ്വർ മെറ്റീരിയോളജിക്കൽ സെന്ററിൽ നിന്നുള്ള വിവരപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഒഡിഷയിലെ 28 പ്രദേശങ്ങളിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുന്ന ദിവസങ്ങളിലും താപതരംഗം സംസ്ഥാനത്തുടനീളം ഇതേ നിലയിൽ തന്നെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഏപ്രിൽ 30 ഓടെ പല മേഖലകളിലെയും താപനിലയിൽ നേരിയ വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ.
സാധാരണയിൽ നിന്നും വ്യത്യസ്തമായി വർഷത്തിന്റെ ആരംഭകാലത്ത് തന്നെ ഉണ്ടായ താപതരംഗം ഏറെ അപകടകരമാണെന്ന മുന്നറിയിപ്പാണ് പൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധർ നൽകുന്നത്. അതേസമയം താപരംഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആഗോളതാപനവും വീണ്ടും പ്രധാന ചർച്ചാവിഷയമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടനക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനലിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയടക്കമുള്ള ചില തെക്കനേഷ്യൻ രാജ്യങ്ങളിൽ അടുത്ത രണ്ടു പതിറ്റാണ്ടിനിടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here