ലോകകപ്പ് ഇങ്ങടുത്തു; ആദ്യ കപ്പ് മുതലുള്ള ചരിത്രം; പന്തുകൾക്കും ചിലത് പറയാനുണ്ട്; ലോകകപ്പ് വിശേഷങ്ങൾ

0

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകം. ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ പറയാം. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ലിയോണല്‍ മെസിയുടെ അര്‍ജന്റീന ലോക ചാംപ്യന്മാരായ ഫ്രാന്‍സിന് പിന്നില്‍ നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമതെത്തിയത്. സ്‌പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്‌സികോ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയപ്പെട്ടതായി കണക്കാക്കുക. ഇറ്റലി ആദ്യ എട്ടിലുണ്ടെങ്കിലും അവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം ഒമ്പതാമതുള്ള പോര്‍ച്ചുഗലിനെ സീഡിംഗില്‍ ഉള്‍പ്പെടുത്തി.

ലോകകപ്പ് ഇങ്ങടുത്തു; ആദ്യ കപ്പ് മുതലുള്ള ചരിത്രം; പന്തുകൾക്കും ചിലത് പറയാനുണ്ട്; ലോകകപ്പ് വിശേഷങ്ങൾ 1

നാളെ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍. ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്. ഇറ്റലിക്ക് പകരം പോര്‍ച്ചുഗലും വന്നു.

ലോകകപ്പ് ഇങ്ങടുത്തു; ആദ്യ കപ്പ് മുതലുള്ള ചരിത്രം; പന്തുകൾക്കും ചിലത് പറയാനുണ്ട്; ലോകകപ്പ് വിശേഷങ്ങൾ 2

ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ എന്നിവരാണ് പോട്ട് ഒന്നിലുള്ള മറ്റുടീമുകള്‍. പോട്ട് രണ്ടില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ, മെക്‌സിക്കോ, യുഎസ് ടീമുകളുണ്ട്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ഗ്രൂപ്പില്‍ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്.

ലോകകപ്പ് ഇങ്ങടുത്തു; ആദ്യ കപ്പ് മുതലുള്ള ചരിത്രം; പന്തുകൾക്കും ചിലത് പറയാനുണ്ട്; ലോകകപ്പ് വിശേഷങ്ങൾ 3

ഇറാന്‍, ജപ്പാന്‍, സെര്‍ബിയ, ദക്ഷിണ കൊറിയ, ടുണീഷ്യ, പോളണ്ട്, സെനഗല്‍, മൊറോക്കോ എന്നിവരാണ് പോട്ട് മൂന്നില്‍. സൗദി അറേബ്യ, ഇക്വഡോര്‍, ഘാന, കാനഡ, കാമറൂണ്‍ എന്നില്‍ നാലാം പോട്ടിലുണ്ട്. യോഗ്യത നേടിവരുന്ന മൂന്ന് ടീമുകളെ കൂടി പോട്ടില്‍ ഉള്‍പ്പെടുത്തും.

ആദ്യലോകകപ്പ്

യൂറോപ്പാകെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു നില്‍ക്കുമ്പോഴാണ് 1930ല്‍ ഉറൂഗ്വേയില്‍ ആദ്യലോകകപ്പ് നടക്കുന്നത്. ഉറൂഗ്വേയിലെത്താന്‍ അന്ന് കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം കുറുകേ കടക്കണമായിരുന്നു. അത് പക്ഷേ ചിലവേറിയതും സാഹസികത നിറഞ്ഞതുമായിരുന്നു. ഒപ്പം രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ താരങ്ങളെ വിട്ടു കൊടുക്കാന്‍ പ്രൊഫഷണല്‍ ക്ലബ്ബുകളും മടിച്ചു.

അതിനാല്‍ മല്‍സരം തുടങ്ങാന്‍ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും ആരൊക്കെയാകും ലോകകപ്പില്‍ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ ബെല്‍ജിയം, ഫ്രാന്‍സ്, യുഗോസ്ലാവിയ, റുമാനിയ എന്നിവര്‍ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കയില്‍ നിന്ന് എട്ടു രാജ്യങ്ങള്‍ കൂടിയായതോടെ ടീമുകളുടെ എണ്ണം പതിമ്മൂന്നായി.

ലോകകപ്പ് ഇങ്ങടുത്തു; ആദ്യ കപ്പ് മുതലുള്ള ചരിത്രം; പന്തുകൾക്കും ചിലത് പറയാനുണ്ട്; ലോകകപ്പ് വിശേഷങ്ങൾ 4

ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. ചിലി, മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജ്ജന്റീന എന്നിവരായിരുന്നു ആദ്യ ഗൂപ്പില്‍. ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ഒന്നാമതു വരുന്ന ടീം സെമിയിലെത്തും. ഇതായിരുന്നു രീതി. 1930ജൂലൈ പതിമ്മൂന്നിന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡിയോവിലെ പോസിറ്റോവ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മല്‍സരം.

ആദ്യമല്‍സരം ഫ്രാന്‍സും മെക്‌സിക്കോയും തമ്മിലായിരുന്നു. മല്‍സരത്തില്‍ ഫ്രാന്‍സ് 4-1ന് ജയിച്ചു. ഇതായിരുന്നു ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യമല്‍സരവും. അര്‍ജ്ജന്റീന, യുഗോസ്ലാവിയ, ഉറൂഗ്വേ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പു ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ചു. ഉറൂഗ്വേയും അര്‍ജ്ജന്റീനയും ഫൈനലിലും എത്തി.

ജൂലൈ മുപ്പതിനായിരുന്നു ഫൈനല്‍. ആരുടെ പന്തുകൊണ്ടു കളിക്കുമെന്നൊരു തര്‍ക്കം അതിനിടയില്‍ ഉടലെടുത്തു. കൗതുകകരമായിരുന്നു തര്‍ക്കം. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജ്ജന്റീനയുടേയും രണ്ടാം പകുതിയില്‍ ഉറൂഗ്വേയുടെയും പന്തു കൊണ്ട് കളിക്കാന്‍ തീരുമാനമായി.

അങ്ങനെ മത്സരത്തില്‍ ഉറൂഗ്വേ 4-2ന് ജയിച്ചു. ആദ്യ ലോകകപ്പും നേടി. ഉറൂഗ്വേയുടെ നായകന്‍ ജോസ് നസാസി ഫിഫാ പ്രസിഡന്റ് യുള്‍റിമേയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് പുറമേ മറ്റൊരു നേട്ടം കൂടി അര്‍ജ്ജന്റീനയ്ക്കുണ്ടായി. അവരുടെ സ്‌ട്രൈക്കര്‍ ഗില്ലാര്‍മോ സ്‌റ്റൈബല്‍ ടോപ് സ്‌കോററായി. എട്ടു ഗോളാണ് അദ്ദേഹം നേടിയത്. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ടോപ്‌സ്‌കോറര്‍ സ്ഥാനം അര്‍ജ്ജന്റീനക്കാരന്‍ നേടി. .

1930 ജൂലായ് 13-നാണ് ലോകകപ്പിലെ ആദ്യ മത്സരം യുറഗ്വായിൽ നടന്നത്. 2018 റഷ്യ ലോകകപ്പിന്റെ ഫൈനൽ ജൂലായ് 15-ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ആയിരുന്നു. കാലമതീവ വിശാലം. ആദ്യ ലോകകപ്പിൽ പങ്കെടുത്ത കളിക്കാരെല്ലാം എന്നോ മരിച്ചുപോയി. ലോകമുണ്ടായിട്ട് വർഷാവർഷങ്ങൾ എത്രയോ. ഇനിയും അത്ര തന്നെയോ അതിലേറെയോ ഉണ്ടാവാം. അതിനിടയിലെ അറുപതോ എഴുപതോ വർഷത്തെ മനുഷ്യായുസ്സ്, പ്രപഞ്ചം ഒന്ന് നിശ്വസിക്കാനെടുക്കുന്ന സമയത്തിന്റെ അത്രയുമില്ല. ഓരോ 100 വർഷം കൂടുമ്പോഴും ഭൂമിയിലെ മനുഷ്യർ അപ്പാടെ മാറ്റപ്പെടുന്നു. തലമുറകളുടെ ഓർമയിലൂടെ നമ്മൾ പിന്നെയും ജീവിക്കുന്നു. ആദ്യ ലോകകപ്പിൽ പങ്കെടുത്തവരെ, ഈ നിമിഷം സ്നേഹാദരങ്ങളോടെ ഓർക്കുന്നു. 1930 -ൽ നിന്ന് 2018-ലേക്ക് എത്തുമ്പോൾ ലോകകപ്പിന്റെ ചരിത്രത്തിൽ 21 ഫൈനലുകൾ നടന്നു കഴിഞ്ഞു.

ആദ്യ ലോകകപ്പ് ഫൈനൽ – 1930 ജൂലായ് 30

മോണ്ടിവീഡിയോ എസ്റ്റുഡിയോ സ്റ്റേഡിയം

യുറഗ്വായ് 4 അർജന്റീന 2

കിരീട പോരാട്ടത്തിൽ ആതിഥേയരായ യുറഗ്വായ് കരുത്തരായ അർജന്റീനയ്ക്ക് മുന്നിൽ. പൊരിഞ്ഞ പോരാട്ടം. ഒടുവിൽ 4- 2ന് യുറഗ്വായ് കപ്പ് സ്വന്തമാക്കി ചരിത്രത്തിൽ ഇടം നേടി.

സ്വന്തം മണ്ണിൽ നിന്നൊരു തുടക്കം

13 രാജ്യങ്ങളാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്തത് തെക്കേ അമേരിക്കയിൽ നിന്ന് ഏഴും യൂറോപ്പിൽ നിന്ന് നാലും വടക്കേ അമേരിക്കയിൽ നിന്ന് രണ്ടും. അന്ന് യോഗ്യതാ റൗണ്ട് ഉണ്ടായിരുന്നില്ല. യാത്ര പ്രയാസമായതിനാൽ പല യൂറോപ്യൻ രാജ്യങ്ങളും വിട്ടുനിന്നു. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ യുറഗ്വായെ ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കുകയായിരുന്നു. 1928-ലെ ഒളിമ്പിക്സിൽ യുറഗ്വായ് ഫുട്ബോൾ സ്വർണം നിലനിർത്തിയിരുന്നു. ആ രാജ്യത്തെ ഭരണഘടന നിലവിൽ വന്നതിന്റെ 100-ാം വാർഷികം കൂടിയായിരുന്നു 1930. ജൂലായ് 13-ന് ഒരേ സമയം രണ്ട് മത്സരങ്ങൾ നടന്നു.

അവസാനം നടന്ന ലോകകപ്പ് ഫൈനൽ – 2018 ജൂലായ് 15

മോസ്കോ ലുഷ്നിക്കി സ്റ്റേഡിയം

ഫ്രാൻസ് 4 ക്രൊയേഷ്യ 2

രണ്ട് രാജ്യങ്ങളിലേക്ക് ഫുട്ബോൾ ലോകം ചുരുങ്ങുന്നു. സാമ്രാജ്യത്വ ശക്തിയെന്ന് ലോകം കരുതുന്ന ഫ്രാൻസും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള, കീറിമുറിക്കപ്പെട്ട, ചോരയൊഴുകുന്ന ക്രൊയേഷ്യയും. അട്ടിമറിക്കപ്പെടാൻ ഒരേയൊരു ടീമേ റഷ്യയിൽ അവശേഷിച്ചിരുന്നുള്ളൂ ഫ്രാൻസ്. പക്ഷേ, അവർ അതിജീവിച്ചു. കപ്പ് വീണ്ടും ഫ്രാൻസിലേക്ക്.

2018 ഫൈനൽ കഴിഞ്ഞതിനുപിന്നാലെ മോസ്കോയിൽ മഴയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ക്രൊയേഷ്യ പ്രസിഡന്റ് കോളിന്ദ ഗ്രാബർ എന്നിവർ ഒരുമിച്ചിരുന്ന് ആ ഫൈനൽ കണ്ടു.

സമ്മാനദാനച്ചടങ്ങിലേക്ക് അവർ കുടചൂടിപ്പോയി. കോളിന്ദ ഒരത്ഭുതം പ്രതീക്ഷിച്ചിരുന്നു. നമ്മുടെ രാജ്യത്തെ ഒരു ജില്ലയ്ക്ക് ഒപ്പംപോലും പിടിച്ചുനിൽക്കാനാവാത്ത രാജ്യം ഇതാ ലോകകപ്പ് ഫൈനൽ കളിക്കുന്നു. ലൂക്ക മോഡ്രിച്ച് എന്ന ക്യാപ്റ്റനെയും തന്റെ കളിക്കാരെയും കോളിന്ദ വിശ്വാസത്തിലെടുത്തു. ഒരുപാട് ചോര ചിന്തിയാണ് ക്രൊയേഷ്യ ഫൈനലിൽ എത്തിയത്. കോളിന്ദ ഗ്രാബർ സങ്കടങ്ങൾ ഉള്ളിലൊതുക്കി. മെഡൽ സ്വീകരിക്കാൻ വന്ന ലൂക്ക മോഡ്രിച്ചിനെ പലവട്ടം ആലിംഗനം ചെയ്തു. ആ സമയത്ത്, ലോകത്തെ ഏറ്റവും നിഷ്കളങ്കനായ, ഏറ്റവും പ്രതിഭാധനനായ ഫുട്ബോളർക്കുള്ള ആദരം.

ചാമ്പ്യൻമാർ

ബ്രസീൽ (5) 1958, 1962, 1970, 1994, 2002

ജർമനി (4) 1954, 1974, 1990, 2014

ഇറ്റലി (4) 1934, 1938, 1982, 2006

അർജന്റീന (2) 1978, 1986

ഫ്രാൻസ് (2) 1998, 2018

യുറഗ്വായ് (2) 1930, 1950

ഇംഗ്ലണ്ട് (1) 1966

സ്പെയിൻ (1) 2010

ലോകകപ്പ് കണക്കുകൾ

എല്ലാ ലോകകപ്പിലും കളിച്ച രാജ്യം – ബ്രസീൽ (21)

കൂടുതൽ മത്സരം – ബ്രസീൽ, ജർമനി (109)

കൂടുതൽ വിജയം – ബ്രസീൽ (73)

കൂടുതൽ ഗോൾ – മിറസ്ലാവ് ക്ലോസെ (16 – ജർമനി)

കൂടുതൽ കാണികൾ – ബ്രസീൽ-യുറഗ്വായ് (1,99854 – 1950)

കൂടുതൽ കിരീടം നേടിയ താരം – പെലെ (3- ബ്രസീൽ)

പന്തുകൾക്കുമുണ്ട് ഒരു ചരിത്രം

കായിക പ്രേമികൾക്ക് ഫുട്ബോൾ എന്നും ഒരു ആവേശമാണ്. ബ്രസീലിലെ തെരുവുകളിൽ ദാരിദ്ര്യത്തോട് പടവെട്ടി യൂറോപ്പിലെ സമ്പന്നമായ നാളെകളെ സ്വപ്നം കണ്ട് നടന്ന ഒരായിരം തെരുവു ബാലൻമാരുടെ സ്വപ്നങ്ങൾ സിനിമകളിലൂടെ നമ്മൾ കാണുമ്പോൾ മ്മ്‌ടെ തൃശ്ശൂരിലെ കോളനികളിൽ പന്ത് തട്ടി പട്ടിണിയിൽ നിന്നും ദാര്യദ്രത്തിൽ നിന്നും ഇന്ത്യൻ ജനതയെ മുഴുവൻ കൈയടിപ്പിച്ച ഐ എം വിജയനും ക​ൽപ്പന്ത് കളിയുടെയും, മലയാളികളുടേയും അഭിമാനമാണ്.

ഇന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകം മുഴുവൻ. ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ പറയാം. കളിയിൽ മായാജാലം കാട്ടുന്ന കളിക്കാരെ നമ്മൾ എന്നും ഓർമിച്ച് വെക്കാറുണ്ട്. എന്നാൽ അവർ തട്ടുന്ന പന്തുകൾക്കുമുണ്ട് ഒരു ചരിത്രം. അതും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം. അവ എന്തൊക്കെയാണെന്ന് നോക്കാം.

1970ന് മുമ്പ് ഫുട്‌ബോൾ എന്നാൽ ഒരു നിറമുള്ള ഗോളമായിരുന്നു. അന്നത്തെ കാലത്ത് ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി ആയിരുന്നതിനാൽ നല്ല കാഴ്ച കിട്ടാൻ വേണ്ടിയാണ് വെള്ളയും കറുപ്പും കലർന്ന പന്ത് നിർമിക്കുന്നത്. ഒപ്പം ഒരൊറ്റ തുകലിനു പകരം അഞ്ചോ ആറോ ഭുജങ്ങളുള്ള പാനലുകൾ പന്ത് നിർമാണത്തിന് ഉപയോഗിച്ചു. ഫുട്‌ബോൾ എന്നാൽ ഇപ്പോൾ മനസ്സിലേക്ക് വരുന്നത് തന്നെ ഇത്തരം പാനലുകളുള്ള പന്താണ്.

എന്നാൽ 1930ന് മുമ്പും ഫുട്‌ബോൾ സജീവമായിരുന്നു. അന്ന് ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പരക്കം കളിയായിരുന്നു ഉണ്ടായിരുന്നത്. ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌. അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെട്ടു പോന്നു.

1930 ലാണ് സംഭവബഹുലമായ ഒന്നാമത്തെ ഫിഫ ലോകകപ്പിന് ആരംഭം കുറിച്ചത്. പതിമൂന്ന് ടീമുകൾ നാലു ഗ്രൂപ്പുകളിലായി 18 ദിവസം 1930 ജൂൺ 13 മുതൽ ജൂൺ 30 വരെ ഉറുഗോയിലെ മോണ്ടി വിഡിയോയിൽ വെച്ചായിരുന്നു മത്സരിച്ചത്. ഉറുഗ്വേ, അർജന്റീന, ബ്രസീൽ, ചിലി, പെറു, പരാഗ്വേ, ബൊളിവിയ എന്നീ ഏഴ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും യുഎസ്, മെക്സിക്കോ എന്നീ രണ്ട് സൗത്ത് അമേരിക്കൻ രാജ്യങ്ങളും യുഗോസ്ലാവിയ, ഫ്രാൻസ്, ബൽജിയം, റുമേനിയ എന്നീ നാല് യുറോപ്യൻ രാജ്യങ്ങളുമാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങൾ. ഈ ലോക കപ്പ് ഫൈനലിൽ ഫൈനലിൽ രണ്ട് വ്യത്യസ്ത പന്തുകൾ ഉപയോ​ഗിച്ചു. ആദ്യ പകുതിയിൽ ടിന്റോയും രണ്ടാം പകുതി ടി-മോഡൽ പന്തും. ടിന്റോയെ അപേക്ഷിച്ച് വലുതും കൂടുതൽ ഭാരവും ഉള്ളതായിരുന്നു ടി-മോഡൽ.

രണ്ടാം ലോകകപ്പ് നടന്നത് 1934 മെയ് 27 മുതൽ ജൂൺ പത്ത് വരെ 15 ദിവസങ്ങളിലായിട്ടായിരുന്നു. നാലു കോൻ ഫെഡറേഷനുകളിൽ നിന്ന് യോഗ്യത മത്സരങ്ങൾ ജയിച്ചു വന്ന പതിനാറ് ടീമുകളാണ് രണ്ടാം ലോകകപ്പിൽ മത്സരിച്ചത്. ഇറ്റലിയിലെ ഏട്ട് നഗരങ്ങളിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. മൊത്തം 17 മത്സരങ്ങൾ ഉണ്ടായിരുന്ന ടൂർണമെന്റ് കാണാൻ 363000 ഫുട്ബോൾ ആരാധകർ ഒഴുകിയെത്തി. ഒരോ മത്സരത്തിലും ശരാശരി 4.12 ഗോളുകൾ വീതമടിച്ച് 70 ഗോളുകളാണ് മൊത്തത്തിൽ സ്കോർ ചെയ്തത്.

32 ടീമുകൾ പങ്കെടുത്ത യോഗ്യത മത്സരങ്ങളിൽ നിന്ന് ആതിഥേയരായ ഇറ്റലിയും മത്സരിച്ച് ജയിച്ചാണ് ടൂർണമെൻറിനെത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന ഏക ആതിഥേയ രാജ്യവും ഇറ്റലിയാണ്. ഫെഡറൽ 102 എന്ന പന്തായിരുന്നു ഈ ലോകകപ്പിൽ ഉപയോ​ഗിച്ചിരുന്നത്.

1938 ജൂൺ 4 മുതൽ 19 വരെ ഇറ്റലിയിലായിരുന്നു ഫിഫ മൂന്നാം ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയത്. ഈ ലോകകപ്പിന് വേണ്ടി പാരീസിൽ നിർമിച്ച പന്തിന് അലൻ എന്ന് പേര് വെച്ചു. 13 പാനലുകൾ അടങ്ങിയതും വളരെ നേർത്തതുമായ ഒരു പാനലിൽ വെളുത്ത കോട്ടൺ ലെയ്‌സുകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു ഇത്. ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഹംഗറിയെ തോൽപ്പിച്ച് ഇറ്റലി ചാമ്പ്യൻഷിപ്പ് നിലനിർത്തി. ഇറ്റാലിയൻ പരിശീലകൻ വിറ്റാറിയോ പോസോ രണ്ട് ലോകകപ്പുകൾ നേടിയ ഏക പരിശീലകൻ എന്ന ബഹുമതി സ്വന്തമാക്കിയത് ഈ ലോകകപ്പിലാണ്. പത്തു വേദികളിലായി നാല് ഉപഭൂഖണ്ഡങ്ങളിലെ പതിനഞ്ച് ടീമുകൾ ആണ് ഈ ലോകകപ്പിൽ മത്സരിച്ചത്.

1950ൽ നടന്ന ലോകകപ്പിൽ ഡ്യൂപ്ലോ ടി എന്ന പന്തായിരുന്നു ഉപയോ​ഗിച്ചത്. ലെയ്‌സുകളില്ലാത്തതും സിറിഞ്ച് വാൽവ് അവതരിപ്പിക്കുന്നതുമായ ആദ്യ പന്തായിരുന്നു ഡ്യൂപ്ലോ ടി. ഇത് ഫൂട്ബോൾ ലോകത്തെ തന്നെ വിസ്മയിപ്പിച്ചു. ഇക്കുറി കപ്പ് നേടിയത് ബ്രസീലായിരുന്നു. ബ്രസീലി​ന്റെ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ്.

പിന്നീട് 1954ൽ നടന്ന ലോകകപ്പിൽ കൊണ്ടുവന്നത് സ്വിസ് വേൾഡ് ചാമ്പ്യൻ എന്ന് പേരിട്ട് വിളിച്ച പന്തായിരുന്നു. ആദ്യത്തെ 18 പാനലുകളുള്ള പന്ത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. സ്വിറ്റ്സർലൻഡ് ആണ് ആ വർഷം ആത്ഥേയരായത്.

അതിനുശേഷം 1958ൽ സ്വീഡൻ വിജയം കൊയ്ത ലോകകപ്പിൽ ഉപയോ​ഗിച്ചത് ടോപ്പ് സ്റ്റാർ എന്ന് പേരിട്ട് വിളിച്ച പന്തായിരുന്നു. നാല് ഫിഫ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 102 പന്തുകളിൽ നിന്ന് തിരഞെടുത്തതാണ് ടോപ്പ് സ്റ്റാർ.

1962ൽ നടന്ന ലോകകപ്പിൽ ചിലി ആതിഥേയത്വം വഹിക്കുകയും. ആ മത്സരങ്ങളിൽ ക്രാക്ക് എന്ന് വിളിക്കുന്ന അതു വരെ ഉണ്ടായിരുന്നതിൽ നിന്ന് രൂപമാറ്റം വരുത്തിയെടുത്ത പന്താണ് ഉപയോ​ഗിച്ചത്. ഇത് കാണികൾക്കും കളിക്കാർക്കും വലിയ പുതുമ നൽകി.

യുണൈറ്റഡ് കിംഗ്ഡത്തിനുള്ളിലെ രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിൽ നടന്ന 1966 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ എന്ന നിലയിൽ ബ്രിട്ടീഷ് കമ്പനിയായ സ്ലാസെഞ്ചർ നിർമ്മിച്ച ഫുട്ബോൾ ആയിരുന്നു ചലഞ്ച് 4-സ്റ്റാർ. 25 ചതുരാകൃതിയിലുള്ള പാനലുകൾ കൊണ്ട് നിർമ്മിച്ച ഈ പന്തിന് പന്തിൽ അടയാളങ്ങളോ ബ്രാൻഡിംഗോ ഇല്ലായിരുന്നു. സോഹോ സ്ക്വയറിലെ ഫുട്ബോൾ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ബ്ലൈൻഡ് ടെസ്റ്റിലാണ് ഇത് തിരഞ്ഞെടുക്കപ്പെട്ടത്. ആ വർഷം ഇംഗ്ലണ്ട് തന്നെ രാജാക്കന്മാരായി.

1970ൽ നടന്ന ലോകകപ്പിനു വേണ്ടി അഡിഡാസ് നിർമ്മിച്ച ഫുട്ബോൾ ആണ് ടെൽസ്റ്റാർ. ഈജിൽ നീൽസന്റെ സൃഷ്ടിയെ അടിസ്ഥാനമാക്കിയുള്ള പന്തിന്റെ 32-പാനൽ ഡിസൈൻ ആയിരുന്നു ഇതിനായി ഉപയോ​ഗിച്ചിരുന്നത്. വിവിധ മാധ്യമങ്ങളിൽ ഒരു ഫുട്ബോൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഡിസൈനായി പിന്നീട് ടെൽസ്റ്റാ മാറിയിരിക്കുന്നു. ടെൽസ്റ്റാർ പന്തിന്റെ പുതിയ രൂപമാണ് റഷ്യയിലെ ലോകകപ്പിൽ ഉപയോഗിക്കുന്ന ടെൽസ്റ്റാർ 18.

1974ൽ ജർമ്മനി കിരീടം ചൂടിയ ലോകകപ്പിൽ ടെൽസ്റ്റാർ ഡർലാസ്റ്റ് എന്ന പന്തായിരുന്നു ഉപയോ​ഗിച്ചത്. ഇത് നിർമ്മിച്ചതും അഡിഡാസ് ആണ്.

1978ൽ കാൽപന്ത് കളിയിൽ വലിയ ആരാധക വ‍ൃത്തമുള്ള അർജന്റീന ആദ്യമായി കപ്പടിക്കുമ്പോൾ അഡിഡാസ് നിർമിച്ചു നൽകിയ ടാംഗോ എന്ന പന്തായിരുന്നു ഉപയോ​ഗിച്ചിരുന്നത്. 1988 വരെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സമ്മർ ഒളിമ്പിക്സിലും ഉപയോഗിച്ചിരുന്ന ഫുട്ബോൾ കുടുംബത്തിലെ ആദ്യത്തേ കണ്ണികൂടിയാണ് ടാംഗോ.

പന്ത്രണ്ടാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1982 ജൂൺ 13 മുതൽ ജൂലൈ 11 വരെ സ്പെയിനിലായിരുന്നു അരങ്ങേറിയത്. പശ്ചിമ ജർമ്മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം തവണ കിരീട ജേതാക്കളായി. ലോകകപ്പിന്റെ ആരംഭഘട്ടത്തിൽ 1934ലും ‘38ലുമാണ് ഇതിനുമുൻ‌പ് ഇറ്റലി ജേതാക്കളായത്. ഈ തവണ ലോകകപ്പിനായി ഉപയോ​ഗിച്ചത് ടാംഗോ എസ്പാന എന്ന പന്തായിരുന്നു. മുൻഗാമിയായ ടാംഗോയ്ക്ക് സമാനമായി ടാംഗോ എസ്പാനയ്ക്കും പോളിയുറീൻ കോട്ടിംഗ് ഉണ്ടായിരുന്നു. പുതിയതും മെച്ചപ്പെട്ടതുമായ റബ്ബറൈസ്ഡ് സീമുകളുള്ള ബോൾ കൂടിയായിരുന്നു ഇത്. ലോകകപ്പിൽ ഉപയോഗിച്ച അവസാന ലെതർ ബോൾ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ അരങ്ങേറി. ഇക്കുറി കളിക്കായി ഉപയോഗിച്ചത് ആസ്ടെക്ക എന്ന പന്തായിരുന്നു. ഫിഫ ലോകകപ്പിലെ ഫുൾ സിന്തറ്റിക്കും കൈകൊണ്ട് തുന്നിയ ആദ്യത്തെ പന്തുമാണ് ആസ്ടെക്ക. കളിയിൽ പശ്ചിമ ജർമ്മനിയെ 3-2നു തോൽ‌പിച്ച് അർജന്റീന രണ്ടാം തവണ ജേതാക്കളായി. കൊളംബിയയ്ക്കായിരുന്നു ഈ ലോകകപ്പിന്റെ ആതിഥേയ ചുമതല. എന്നാൽ ടൂർണമെന്റ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന കാരണത്താൽ 1982-ൽ അവർ പിന്മാറി. അങ്ങനെയാണ് ഫുട്ബോൾ മേള രണ്ടാം തവണ മെക്സിക്കോയിലെത്തുന്നത്. മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ 1985 സെപ്റ്റംബറിൽ ശക്തമായ ഭൂചലനം മെക്സിക്കോയെ നടുക്കി. എന്നാൽ ലോകകപ്പ് വേദികളൊന്നും തന്നെ നാശമേൽക്കാതെ രക്ഷപ്പെട്ടതിനാൽ മുൻ‌നിശ്ചയ പ്രകാരം തന്നെ മത്സരങ്ങൾ നടന്നു.

പതിനാലാമത് ലോകകപ്പ് ഫുട്ബോൾ 1990 ജൂൺ 8 മുതൽ ജൂലൈ 8 വരെ ഇറ്റലിയിൽ അരങ്ങേറിയപ്പോൾ എട്രൂസ്കോ യൂണിക്കോ എന്ന പന്തായിരുന്നു ഉപയോ​ഗിച്ചിരുന്നത്. 1990-കളുടെ തുടക്കത്തിൽ അഡിഡാസ് ഉണ്ടാക്കിയ ഒരു അസോസിയേഷൻ ഫുട്ബോൾ ആയിരുന്നു എട്രൂസ്കോ യൂണിക്കോ. 1990-ൽ ഇറ്റലിയിൽ നടന്ന ഫിഫ ലോകകപ്പ്, 1991-ൽ ചിലിയിലെ കോപ്പ അമേരിക്ക, 1992-ൽ സ്വീഡനിൽ നടന്ന യുവേഫ യൂറോ, 1992-ൽ സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന സമ്മർ ഒളിമ്പിക്‌സ് എന്നിവയുടെ ഔദ്യോഗിക മാച്ച് ബോൾ കൂടിയായിരുന്നു എട്രൂസ്കോ. രണ്ടാം തവണയാണ് ഇറ്റലി കപ്പിന് ആഥിത്യം വഹിക്കുന്ന ലോകകപ്പുകൂടെയായിരുന്നു ഇത്. തൊട്ടുമുൻപത്തെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഇറ്റലിയിലും. എന്നാൽ ഇത്തവണ നിലവിലുള്ള ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജർമ്മനി(പശ്ചിമ ജർമ്മനി) മൂന്നാം തവണ കിരീടം ചൂടി.

പതിനഞ്ചാമത് ലോകകപ്പ് ഫുട്ബോൾ 1994 ജൂൺ 17 മുതൽ ജൂലൈ 17 വരെ അമേരിക്കയിൽ അരങ്ങേറി. ഫുട്ബോളിൽ ശക്തമായ സാന്നിധ്യമില്ലെങ്കിലും വാണിജ്യ താല്പര്യങ്ങൾ മുൻ‌നിർത്തി ഫിഫ ലോകകപ്പ് നാടാകെ അമേരിക്കയിലെത്തുകയായിരുന്നു. ഇക്കുറി കളിക്കായി ഉപയോ​ഗിച്ചത് ക്വസ്ട്ര എന്ന പന്തായിരുന്നു. 1990-കളുടെ മധ്യത്തിൽ പ്രധാന അന്താരാഷ്ട്ര ഇവന്റുകൾക്കായി അഡിഡാസ് നിർമ്മിച്ച ഫുട്ബോൾ കുടുംബത്തിന് നൽകിയ പേരാണ് ക്വസ്ട്ര. “നക്ഷത്രങ്ങൾക്കായുള്ള അന്വേഷണം” എന്നർത്ഥമുള്ള പുരാതന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. 1996 ലെ ഒളിമ്പിക് ടൂർണമെന്റിനും 1996 യൂറോയ്ക്കും വേണ്ടി പന്തിന്റെ തുടർച്ചയായ പതിപ്പുകൾ നിർമ്മിച്ചു. സ്പാനിഷ് ലാ ലിഗയുടെ ഔദ്യോഗിക പന്ത് കൂടിയായിരുന്നു ക്വസ്ട്ര.

പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998 ജൂൺ 10 മുതൽ ജുലൈ 12 വരെ ഫ്രാൻ‌സിൽ അരങ്ങേറിയപ്പോൾ കളിക്കായി ഉപയോ​ഗിച്ചത് ട്രിക്കോലൂർ എന്ന പന്തായിരുന്നു. ഒരു ലോകകപ്പ് ഫൈനൽ ടൂർണമെന്റിലെ ആദ്യത്തെ മൾട്ടി-കളർ ബോൾ എന്ന പ്രത്യേകതയും ഇതിനുണ്ട്. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച ഫ്രാൻസാണ് ഇക്കുറിയും കിരീടം ചൂടിയത്. മുൻപ്‌ മെക്‌സിക്കോയ്ക്കും ഇറ്റലിക്കുമാണ്‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളിൽ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാൻസ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌.

പതിനേഴാമത് ലോകകപ്പ് ഫുട്ബോൾ 2002 മെയ് 31 മുതൽ ജൂൺ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വർദ്ധിച്ചു. ലോകകപ്പ് ഏഷ്യയിൽ അരങ്ങേറിയതും ആദ്യമായാണ്. ഇക്കുറി ലോകകപ്പിനായി ഉപയോ​ഗിച്ചത് ഫീവർനോവ എന്ന പന്തായിരുന്നു. ജർമ്മൻ കോർപ്പറേഷൻ അഡിഡാസ് നിർമ്മിച്ച ഫുട്ബോൾ ആണ് അഡിഡാസ് ഫെവർനോവ. അതിന്റെ സ്റ്റൈലിംഗ് പരമ്പരാഗത ടാംഗോ ബോൾ ഡിസൈനിൽ നിന്ന് വ്യതിചലിച്ചിരുന്നു. 11 ലെയറുകളുള്ള പന്ത് 3-എംഎം കട്ടിയുള്ളതായിരുന്നു, അതിൽ ഗ്യാസ് നിറച്ച ബലൂണുള്ള ഒരു പ്രത്യേക ഫോം ലെയർ ഉൾപ്പെടുന്നു. പോളിയുറീൻ, റബ്ബർ എന്നിവയുടെ സംയോജനത്തിൽ നിന്നാണ് പുറം കവർ നിർമ്മിച്ചിരിക്കുന്നത്.

ഫുട്ബോൾ ലോകകപ്പ്‌ 2006ൽ ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിലായിരുന്നുൂ നടന്നത്. പെനാൽറ്റി ഷൂട്ടൌട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാ‍ക്കളായ ലോകകപ്പു കൂടിയായിരുന്നു ഇത്. ഇക്കുറി കളിക്കായി ഉപയോ​ഗിച്ചത് ടീംജിസ്റ്റ് ബെർലിൻ, ടീംജിസ്റ്റ് എന്നീ രണ്ട് പന്തുകളായിരുന്നു. 14 പാനലുകളുള്ള പന്താണ് ടീംജിസ്റ്റ്. ലോകകപ്പ് ഫൈനലിലെ ഓരോ മത്സരത്തിനും അതിന്റേതായ വ്യക്തിഗത ബോൾ ഉണ്ടായിരുന്നു, മത്സരത്തിന്റെ തീയതി, സ്റ്റേഡിയം, ടീമിന്റെ പേര് എന്നിവ അച്ചടിച്ചിരുന്നു. സ്വർണ്ണ നിറമുള്ള ടീംജിസ്റ്റ് ബെർലിൻ, അവസാന മത്സരത്തിൽ ഉപയോഗിച്ചു. 2003-ലെ പോലെ, 2007-ലെ വനിതാ ലോകകപ്പിന് ഉപയോഗിച്ച പന്ത് മുൻ വർഷത്തെ ലോകകപ്പിൽ ഉപയോഗിച്ച പന്തിന് സമാനമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഫിഫ ഫുട്ബോൾ ലോകകപ്പ് 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ്‌ നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഒരു ആഫ്രിക്കൻ രാജ്യത്ത് നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ ടീമുകളുള്ള 208 രാജ്യങ്ങളിലെ 204 രാജ്യങ്ങൾ മത്സരിച്ച് 2007 ഓഗസ്ത് മാസം മുതൽ ആരംഭിച്ച മത്സരങ്ങളുടെ അവസാനഘട്ടമായിട്ടാണ്‌ ഈ മത്സരം നടക്കുന്നത്. മത്സരത്തിനായി ഉപയോ​ഗിച്ചത് ജബുലാനി എന്ന് അറിയപ്പെടുന്ന പന്തായിരുന്നു. ഈ പേരും പന്തി​ന്റെ രൂപവും കായിക ലോകം വലിയ അത്ഭുതത്തോടെയായിരുന്നു നോക്കി കണ്ടിരുന്നത്.

ഈ പന്തിന് 8 പാനലുകളാണ് ഉള്ളത്. ഫൈനൽ മത്സരത്തിനായി ഒരു പ്രത്യേക വകഭേദം ഉപയോഗിച്ചു. അവസാന മത്സരത്തിന്റെ സ്ഥലമായ ജോഹന്നാസ്ബർഗിന്റെ ഒരു സാധാരണ ദക്ഷിണാഫ്രിക്കൻ വിളിപ്പേരായ “ജോ’ബർഗിന്റെ” പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പന്ത് ആകർഷിച്ച വിവാദത്താൽ ശ്രദ്ധേയമായിരുന്നു, കളിക്കാരും ആരാധകരും വാദിക്കുന്നത് അതിന്റെ എയറോഡൈനാമിക്സ് അസാധാരണമാം വിധം പ്രവചനാതീതമാണെന്നാണ്.

ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ്‌ ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ബ്രസൂക്കയാണ് ഈ ലോകകപ്പിന് വേണ്ടി തിരഞ്ഞെടുത്ത പന്ത്. 1970 മുതൽ ഫിഫ പങ്കാളിയും ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ വിതരണക്കാരനുമായ അഡിഡാസ് എന്ന കമ്പനിയാണ് ഇത് രൂപകൽപ്പന ചെയ്തത്. ഫൈനലിൽ അർജന്റീനയെ 1-0 ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ഇത്തവണ കളിക്കായി ഉപയോ​ഗിച്ചത് ടെൽസ്റ്റാർ 18 എന്ന പന്തായിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ 48 മത്സരങ്ങളിൽ, 1970, 1974 ലോകകപ്പുകളിൽ ഉപയോഗിച്ചിരുന്ന യഥാർത്ഥ അഡിഡാസ് ടെൽസ്റ്റാറിനുള്ള ആദരസൂചകമായി രൂപകല്പന ചെയ്ത പന്താണ് ടെൽസ്റ്റാർ 18. ടെൽസ്റ്റാർ 18 നിർമിച്ചിരിക്കുന്നത് കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങുന്ന രീതിയിലാണ്. ഗോളിമാർക്ക് അത് സന്തോഷവാർത്തയാണ്.

പന്ത് പിടിക്കാൻ ഏതാനും മില്ലി സെക്കന്റുകൾ അധികം അവർക്കു കിട്ടും. പന്തടിക്കുന്നവരാവട്ടെ കൂടുതൽ ശക്തിയുപയോഗിച്ച് അടിക്കുകയും വേണം. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് അടിക്കുന്നതെങ്കിൽ ബ്രസൂക്കയെക്കാൾ എട്ട്, പത്ത് ശതമാനം കുറഞ്ഞ വേഗത്തിലായിരിക്കും ടെൽസ്റ്റാർ സഞ്ചരിക്കുക.വായുവിൽ പ്രവചനാതീതമായി സഞ്ചരിക്കുന്നു എന്ന് ജബുലാനി വ്യാപകമായി പഴി കേട്ടിരുന്നു. എന്നാൽ ടെൽസ്റ്റാർ 18 ന്റെ ഗതി സ്ഥിരതയുള്ളതാണ്. ചെറിയ ദൂരത്തു നിന്ന് ഫ്രീകിക്ക് എടുക്കുന്ന കളിക്കാർക്ക് ഇത് ഗുണം ചെയ്യും.

ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഉപയോ​ഗിക്കുന്നത് അഡി‌ഡാസ് നിർമിച്ച യാത്ര എന്ന് അർത്ഥം വരുന്ന ‘അൽ റിഹ്‌‌ല’ എന്ന പന്താണ്. മത്സരം വേഗത്തിലാകുമ്പോൾ കൃത്യത നിർണായകമായി മാറുന്നുവെന്ന് പന്ത് ലോഞ്ച് ചെയ്തുകൊണ്ട് അഡിഡാസ് ഫുട്ബോൾ ഗ്രാഫിക്‌സ് ആൻഡ് ഹാർഡ്‌വെയർ ഡിസൈൻ ഡയറക്ടർ ഫ്രാൻസിസ്‌ക ലോഫെൽമാൻ പറഞ്ഞു. പന്ത് വായുവിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ വേഗത ഗണ്യമായി നിലനിർത്താൻ പുതിയ ഡിസൈൻ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വേഗതയേറിയതും കൃത്യവുമായ ലോകകപ്പ് പന്താണ് അൽ റിഹ്ല എന്നാണ് അഡിഡാസ് അവകാശപ്പെടുന്നത്.

Leave a Reply