മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബവ്റിജസ് കോർപറേഷൻ ആരംഭിക്കും

0

തിരുവനന്തപുരം ∙ മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബവ്റിജസ് കോർപറേഷൻ (കെഎസ്ബിസി) ആരംഭിക്കും. കെഎസ്ബിസിയുടെ ചില്ലറ വിൽപനശാലകളിൽ കംപ്യൂട്ടർവൽക്കരണം നടപ്പാക്കും.

കൂടുതൽ വിദേശമദ്യ ഷോപ്പുകൾ (എഫ്എൽ 1) വോക് ഇൻ സംവിധാനത്തോടെ നവീകരിക്കും. എക്‌സൈസ് വകുപ്പിന്റെ എല്ലാ സേവനങ്ങളും നാളെ മുതൽ ഓൺലൈൻ വഴി ലഭ്യമാക്കും. വകുപ്പിന്റെ പ്രവർത്തനം ശക്തമാക്കാൻ കുടുതൽ വാഹനങ്ങളും 100 പിസ്റ്റളും വാങ്ങും. സൈബർ സെല്ലിന്റെ പ്രവർത്തനത്തിന് ഉപകരണങ്ങൾ നൽകും.

∙ കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശ മദ്യയൂണിറ്റുകളിലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ ടൈഅപ് വഴി മദ്യം ഉൽപാദിപ്പിക്കുന്നതിന് നിലവിലുള്ള ഫീസ് 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കും.

∙ സൈനിക, അർധ സൈനിക കന്റീനുകൾ വഴി വിൽക്കുന്ന വിദേശ മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി നിലവിലെ 21 രൂപയിൽനിന്ന് പ്രൂഫ് ലീറ്ററിന് 25 രൂപയാക്കും.

∙ വിദേശമദ്യ ചട്ടം അനുസരിച്ച് ലൈസൻസ് വ്യവസ്ഥയും പെർമിറ്റും ലംഘിച്ചാൽ ഈടാക്കുന്ന പിഴ നിലവിലെ 15,000 രൂപ, 50,000 രൂപ എന്നത് 30,000, ഒരു ലക്ഷം എന്നിങ്ങനെയാക്കും.

∙ ബാർ ലൈസൻസിൽ, സർവീസ് ഡെസ്‌ക് സ്ഥാപിക്കുന്നതിന് നിലവിലുള്ള ഫീസ് 25,000 രൂപയിൽനിന്ന് 50,000 രൂപയാക്കി.

∙ അഡീഷനൽ ബാർ കൗണ്ടർ ഫീസായ 30,000 രൂപ 50,000 രൂപയാക്കും.

∙ ത്രീ സ്റ്റാർ മുതൽ ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരും.

∙ കേരളത്തിലെ ഡിസ്റ്റിലറികൾ അവരുടെ ബ്രാൻഡ് റജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് (ഗ്ലാസ് ബോട്ടിൽ ഒഴികെ) 75,000 രൂപ എന്നത് ഒരു ലക്ഷമാക്കി.

∙ സംസ്ഥാനത്തെ ഡിസ്റ്റിലറികളിൽ പുറത്തുള്ള ഡിസ്റ്റിലറികൾ വിദേശമദ്യം ഉൽപാദിപ്പിക്കുമ്പോൾ അവയുടെ ബ്രാൻഡ് റജിസ്ട്രേഷൻ ഫീസ് 4 ലക്ഷം രൂപയാക്കി ഉയർത്തി.

∙ വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തികകൾ വർധിപ്പിക്കും.

∙ പട്ടികവർഗ വിഭാഗത്തിൽപെട്ട 100 യുവജനങ്ങളെ അധിക തസ്തിക സൃഷ്ടിച്ച് സിവിൽ എക്‌സൈസ് ഓഫിസർമാരായി നിയമിക്കും.

∙ എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനു പുതിയ 8 താലൂക്കുകളിൽ സർക്കിൾ ഓഫിസ്.

ഐടി പാർക്കുകളിൽ ‘ഐടി ക്ലബ്’ ലൈസൻസ്

തിരുവനന്തപുരം ∙ ഐടി ക്ലബ് എന്ന നിലയിൽ പ്രത്യേക വിഭാഗത്തിൽപെടുത്തിയുള്ള ലൈസൻസാകും ഐടി പാർക്കുകളിൽ നൽകുക. ക്ലബ്ബുകൾക്കു നൽകുന്നത് എഫ്എൽ 4എ ലൈസൻസാണ്. ഇതിന് ഈടാക്കുന്ന 20 ലക്ഷം രൂപ വാർഷിക ഫീസ് പാർക്കിലെ ക്ലബ്ബിനും വാങ്ങാനാണ് എക്സൈസ് വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും സർക്കാരിന് മാറ്റം വരുത്താം. ഐടി പാർക്കുകളിലെ ലൈസൻസിനായി വിദേശമദ്യ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരും.

ഉച്ചയ്ക്കു 12 മുതൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകാനാണു ശുപാർശ. ഐടി പാർക്കിനു സ്വന്തം നിലയ്ക്കും കമ്പനികൾക്കു പ്രത്യേകമായും മദ്യം വിളമ്പാം. പ്രത്യേക ഹാൾ ഇതിനായി ഉപയോഗിക്കണം.

ഐടി പാർക്കിലെ ജീവനക്കാർ, കമ്പനിയുടെ ഔദ്യോഗിക അതിഥികൾ എന്നിവർക്കു മാത്രമേ മദ്യം നൽകാവൂ. കമ്പനികൾക്കു സ്വയം നടത്തുകയോ, നിശ്ചിത വർഷം പരിചയമുള്ളവരെ ഏൽപിക്കുകയോ ചെയ്യാം. നിബന്ധനകളും ഫീസ് ഘടനയും ചട്ടഭേദഗതിയിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here