യുക്രൈയ്‌നില്‍ നിന്നു രക്ഷപ്പെടുത്തിയതിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്‌ വിദ്യാര്‍ഥിനി രംഗത്ത്‌

0

കീവ്‌: യുക്രൈയ്‌നില്‍ നിന്നു രക്ഷപ്പെടുത്തിയതിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്‌ വിദ്യാര്‍ഥിനി രംഗത്ത്‌. പാകിസ്‌താന്‍ സ്വദേശിയായ അസ്‌മ ഷഫീഖാണു സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്‌. പടിഞ്ഞാറന്‍ യുക്രൈയ്‌നില്‍നിന്നു പാകിസ്‌താനിലേക്കുള്ള യാത്രയിലാണ്‌ താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്‌മ പറയുന്നു.
അതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്‌ന്‍ ഒഴിപ്പിക്കല്‍ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒന്‍പതു വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ബംഗ്ലദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന നന്ദി രേഖപ്പെടുത്തി. പാകിസ്‌താന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.
യുക്രൈനില്‍നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാകിസ്‌താന്‍ ഭരണകൂടം ഒന്നും ചെയ്‌തില്ലെന്നും ഇന്ത്യന്‍ ഇടപെടലാണ്‌ രക്ഷയായതെന്നും നാട്ടില്‍ മടങ്ങിയെത്തിയ പാക്‌ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുക്രൈനിലെ നാഷനല്‍ എയ്‌റോസ്‌പേസ്‌ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ മിഷ അര്‍ഷാദിന്റെതായിരുന്നു വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി ഒരുക്കിയിരുന്ന ബസില്‍ കയറാന്‍ അനുവദിച്ചെന്നും അങ്ങനെയാണ്‌ ടെര്‍നോപില്‍ നഗരത്തിലെത്തിയതെന്നും മിഷ പറഞ്ഞിരുന്നു. നേപ്പാള്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെയും ഇന്ത്യന്‍ എംബസി യുക്രൈനില്‍നിന്ന്‌ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here