സേലം ജയിലിൽ 22 വിപ്ലവകാരികൾ രക്തസാക്ഷികളായിട്ട്‌ 72 വർഷം

0

സേലം ജയിൽ സെല്ലിൽ വെടിയേറ്റ്‌ ചോരയിൽ കുളിച്ച്‌ മൃതദേഹങ്ങൾക്കടിയിൽ മണിക്കൂറുകളോളം കഴിഞ്ഞത്‌, അച്ഛൻ വിവരിച്ചപ്പോഴുണ്ടായ വിറയൽ ഇന്നും മാറിയിട്ടില്ല ബാബുരാജ്‌ അയ്യല്ലൂരിന്‌. ശരീരത്തിൽ തുളച്ചുകയറിയ വെടിച്ചില്ലുമായി മരണംവരെ കഴിഞ്ഞ ചെറൊട്ട കുഞ്ഞിക്കണ്ണന്റെ മകനാണ്‌ ബാബുരാജ്‌. വെടിച്ചില്ല്‌ നീക്കംചെയ്‌താൽ ജീവൻ നഷ്ടമാവുകയോ ശരീരം തളരുകയോ ചെയ്യുമെന്ന്‌ ഡോക്ടർമാർ പറഞ്ഞതിനാൽ വെടിയുണ്ടയും പേറിയുള്ള ജീവിതമായിരുന്നു കുഞ്ഞിക്കണ്ണന്റേത്‌.

ജീവൻ നഷ്ടമാവുകയും ഒട്ടേറെ പേർക്ക്‌ വെടിവയ്‌പും മർദനവും ഏൽക്കേണ്ടി വന്ന പ്രദേശമാണ്‌ പഴശിയും തില്ലങ്കേരിയും. രക്തസാക്ഷികളുടെയും സമരപോരാളികളുടെയും നിത്യസ്‌മാരകമായി അയ്യല്ലൂരിലെ സേലം ജയിൽ സ്‌മാരക മന്ദിരം നാടിന്റെ പൊതുമുന്നേറ്റത്തിന്റെ കേന്ദ്രമായി തല ഉയർത്തിനിൽക്കുന്നു.

തമിഴ്‌നാട്ടിലെ സേലം ജയിലിൽ 22 വിപ്ലവകാരികൾ രക്തസാക്ഷികളായത്‌ 72 വർഷംമുമ്പാണ്‌. 1950 ഫെബ്രുവരി 11 നായിരുന്നു ഭരണവർഗത്തിന്റെ കിരാത വെടിവയ്‌പ്‌. അന്ന്‌ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. മലബാറിലും ആന്ധ്രയിലും കർഷകസമരം കരുത്താർജിച്ചു. ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സമരത്തെ കരിനിയമവും ലാത്തിയും തോക്കും ഉപയോഗിച്ച്‌ നേരിട്ടു. പ്രക്ഷോഭത്തിന് ഇറങ്ങിയവരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. കമ്യൂണിസ്റ്റ്‌ വിരോധിയായ ജയിൽമന്ത്രി കോഴിപ്പുറത്ത്‌ മാധവമേനോൻ തടവുകാർക്ക്‌ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും നിഷേധിച്ചു. ഇതിനെതിരെ ജയിലിനകത്ത്‌ പ്രതിഷേധമുയർത്തിയവരെ അടിച്ചമർത്തി. ഫെബ്രുവരി 11ന്‌ വെടിവയ്‌പിൽ 17 പേർക്ക്‌ ജീവൻ നഷ്ടമായി. അഞ്ചുപേർ ആശുപത്രിയിലും മരിച്ചു. 18 പേർ കണ്ണൂർ ജില്ലക്കാരായിരുന്നു.

സേലം രക്തസാക്ഷികൾ
തളിയിൽ രാമൻ നമ്പ്യാർ, നക്കായി കണ്ണൻ, ആശാരി അമ്പാടി, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, കൊയിലോടൻ നാരായണൻ നമ്പ്യാർ, എൻ ബാലൻ, എൻ പത്മനാഭൻ, നീലഞ്ചേരി നാരായണൻനായർ, ആസാദ്‌ ഗോപാലൻനായർ, എം കോരൻ, മയിലപ്രവൻ നാരായണൻ നമ്പ്യാർ, പിലാട്ട്യാരൻ ഗോപാലൻ നമ്പ്യാർ, കോരൻ ഗുരുക്കൾ, അണ്ടലോടൻ കുഞ്ഞപ്പ, ഞണ്ടാടി കുഞ്ഞമ്പു, എ സി കുഞ്ഞിരാമൻ നമ്പ്യാർ, ഒ പി അനന്തൻ, കെ ഗോപാലൻകുട്ടി നായർ (കോഴിക്കോട്‌), അറമുഖ നായ്‌കർ, കാവേരി മുതലിയാർ (തമിഴ്‌നാട്‌), ഷെയ്‌ക്ക്‌ ദാവൂദ്‌ (ആന്ധ്ര)

LEAVE A REPLY

Please enter your comment!
Please enter your name here