സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

0

ബിര്‍ഭൂം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടു പേരെ ചുട്ടുകൊന്നതില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. കേസ് ഡയറി സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത മാസം ഏഴിന് സിബിഐ അന്വേഷണ പുരോഗതി അറിയിക്കാനും, സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി ഉത്തരവിട്ടു.

ബിര്‍ഭൂമില്‍ ചുട്ടെരിക്കപ്പെട്ട എട്ടു പേര്‍ ക്രൂര മര്‍ദനത്തിനും വിധേയമായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്.

തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള അക്രമങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ച എട്ടു പേരെ ചുട്ടുകൊന്നത്. തൃണമൂലിലെ ചേരിപ്പോരാണ് അക്രമത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇവിടെ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെയും മമത സന്ദര്‍ശിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here