മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ വാഹനം തടഞ്ഞു; കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0

അമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതകുരുക്കിൽപെട്ട് എട്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിൻറെ വിജയാഘോഷ യാത്ര കടന്നുപോകാനായി പൊലീസ് ആശുപത്രിയിലേക്കുള്ള വാഹനവും തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ കുട്ടിക്ക് കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെട്ടതായ കുടുംബം പറയുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി. കുട്ടിയുടെ മരണം മന്ത്രി നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ കുട്ടിയുടെ മാതാപിതാക്കളായ ഗണേഷും ഈശ്വരമ്മയും കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വിജയാഘോഷത്തിൻറെ ഭാഗമായി അനുയായികൾ സംഘടിപ്പിച്ച ഘോഷയാത്ര മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നതിനാൽ ആംബുലൻസ് എത്തിയില്ല.

ഇതേതുടർന്ന് കുട്ടിയെ ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. എന്നാൽ ഘോഷയാത്രയുടെ നിയന്ത്രണങ്ങൾ കാരണം പൊലീസ് വാഹനം തടയുകയായിരുന്നു. ഒടുവിൽ ഇരുചക്ര വാഹനത്തിൽ കുഞ്ഞിനെ കല്യാൺദുർഗിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply